പിറവം: എടക്കാട്ടു വയൽ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പേപ്പതിയിൽ ബി.ജെ.പി സ്ഥാനാർത്ഥി തുടർച്ചയായ മൂന്നാം പ്രാവശ്യവും വിജയിച്ചതിനെ ചൊല്ലി സി..പി.എമ്മിൽ ഉൾപ്പോര് രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് പ്രാവശ്യവും രണ്ടാം സ്ഥാനത്ത് സി.പി.എം ആയിരുന്നെങ്കിൽ ഇത്തവണ 3ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ഇത്തവണ ബി.ജെ.പിയിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാനായി മുൻ ലോക്കൽ സെക്രട്ടറിയും മുൻ മെമ്പറുമായിരുന്ന ജോർജ് കുരുവിളയെ രംഗത്തിറക്കിയെങ്കിലും വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥിയുടെ പകുതി വോട്ടുകൾ മാത്രം പിടിക്കാനേ കഴിഞ്ഞൊളൂ. ഇതേ തുടർന്ന് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥി രംഗത്തെത്തിയിരിക്കുകയാണ്. സി. പി. എം പ്രവർത്തകരുടെ ഉൾപ്പെടെ വോട്ട് ബി.ജെ.പിക്കനുകൂലമായി ചോർന്നുവെന്ന് ആരോപിച്ച് പാർട്ടി അംഗത്വവും വെളിയനാട് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗത്വവും രാജിവക്കുമെന്ന് ജോർജ് കുരുവിള ലോക്കൽ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.മുൻ ബ്രാഞ്ച് സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ കമ്മറ്റിയംഗവുമായ എം.കെ ബാലകൃഷ്ണൻ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരസ്യമായി ഇറങ്ങിയതും പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു.