പറവൂർ: ദേശീയപാത 66 ൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ 45 മീറ്ററിൽ റോഡിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള ത്രി.ഡി വിജ്ഞാപനം ഈ മാസം പുറത്തിറക്കും. പാത കടന്നുപോകുന്ന എട്ട് വില്ലേജുകളുടെയും ഒരുമിച്ചാണ് പുറത്തിറക്കുക.
സർവേ നടപടികൾ പൂർത്തിയായി. ത്രി.ഡി വിജ്ഞാപനത്തിൽ സർവേ നമ്പർ, സബ് ഡിവിഷൻ, ഭൂവുടമയുടെ പേര്, വിലാസം, വില്ലേജ്, എത്ര സെന്റ് സ്ഥലമാണ് ഏറ്റെടുക്കുക എന്നീ വിവരങ്ങളുണ്ടാകും. തുടർന്ന് വില നിർണയത്തിനുള്ള നടപടികൾ തുടങ്ങും.
പുതിയ സ്കെച്ച്, അലൈൻമെന്റ് എന്നിവ ലഭിച്ച ശേഷമുള്ള കല്ലിടൽ കഴിഞ്ഞ ഓഗസ്റ്റ് 18നാണ് ആരംഭിച്ചത്. അഞ്ച് മാസം കൊണ്ടാണ് കല്ലിടലും സർവേ നടപടികളും പൂർത്തിയായതെന്ന് ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും: കളക്ടർ
അടുത്ത ഒരു മാസത്തിനുള്ളിൽ ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട പരമാവധി ജോലികൾ പൂർത്തീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് പറഞ്ഞു. സ്ഥലമേറ്റെടുപ്പിനായി നന്ത്യാട്ടുകുന്നത്ത് പ്രവർത്തിക്കുന്ന സ്പെഷൽ ഡപ്യൂട്ടി കളക്ടറുടെ ഓഫീസ് സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. റോഡിനായി സ്ഥലം വിട്ടുകൊടുത്തവർക്ക് മികച്ച പാക്കേജ് ലഭിക്കും. ഡപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവിയും ഉദ്യോഗസ്ഥരുമായി കലക്ടർ ചർച്ച നടത്തി. നടപടികൾ വേഗത്തിലാക്കാൻ ജില്ലയിലെ റവന്യൂ വകുപ്പിലെ എല്ലാ സർവെയർമാരെയും നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്കായി ദേശീയപാത അധികൃതർ 70 ലക്ഷം രൂപ ഉടൻ സർക്കാരിന് കൈമാറും.