punargeham

കൊച്ചി:മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റ് നിർമ്മിച്ചു നൽകുന്ന പുനർഗേഹം പദ്ധതിക്ക് വേണ്ട ഭൂമി വിട്ടുകിട്ടാനുള്ള നടപടികൾ ഈ മാസം പൂർത്തിയാകും. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം.

നടപടികൾ വേഗത്തിലാക്കാൻ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ചെല്ലാനം വില്ലേജിൽ കണ്ടെത്തിയ സർക്കാർ, സ്വകാര്യ ഭൂമികൾ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ജനുവരി 31 നകം പൂർത്തീകരിക്കും.


ഗുണഭോക്താക്കൾ 195 പേർ

ജില്ലയിൽ 195 പേരാണ് ഗുണഭോക്താക്കൾ. 33 പേർ കണ്ടെത്തിയ സ്ഥലങ്ങളുടെ മാർക്കറ്റ് വിലയും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ചു. ഇതിൽ 16 പേരുടെ വീടുൾപ്പടെയുള്ള സ്ഥലത്തിന്റെയും രജിസ്‌ട്രേഷൻ പൂർത്തിയായി. ഇതിനായി 1,01,18,980 രൂപ ചെലവഴിച്ചു. 50 പേർ കണ്ടെത്തിയ സ്ഥലങ്ങളുടെ രജിസ്‌ട്രേഷൻ മാർച്ചിനുള്ളിൽ പൂർത്തിയാക്കും. 95 പേർ കടലോര മേഖലയിൽ തന്നെ തുടരാനാണ് താല്പര്യം പ്രകടിപ്പിച്ചത്. തീരദേശത്ത് നിന്ന് മാറി താമസിക്കാൻ സന്നദ്ധത അറിയിച്ച ഭൂരിഭാഗവും ഫ്‌ളാറ്റിലേക്ക് മാറും. എന്നാൽ പദ്ധതിയെ പ്രതിപക്ഷ സംഘടനകളുടെ യൂണിയനുകൾ എതിർക്കുകയാണ്.

മത്സ്യത്തൊഴിലാളികളെ പരമ്പരാഗത മേഖലയിൽ നിന്ന് ഉന്മൂലനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യം. കേരള കടലോരത്തെ കോർപ്പറേറ്റുകൾക്കും ടൂറിസം മേഖലയിലെ കുത്തകകൾക്കും തീറെഴുതാനുള്ള ഗൂഢപദ്ധതിയാണ്. അച്യുതാനന്ദൻ സർക്കാർ കൊണ്ടുവന്ന സമാനമായ ഹരിത തീരം പദ്ധതിയെയും അന്ന് എതിർത്ത് തോല്പിച്ചതാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ എവിടെയാണോ ഭൂമി ലഭിക്കുന്നത് അവിടെ പദ്ധതി നടപ്പിലാക്കിയിരുന്നു.


ഉമ്മർ ഓട്ടുമ്മൽ

പ്രസിഡന്റ്

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു)