വൈപ്പിൻ : നായരമ്പലം ഗ്രാമപഞ്ചായത്ത് 7, 8 വാർഡുകളിലെ തീരദേശവാസികൾ വേലിയേറ്റ വെള്ളപ്പൊക്ക ദുരിതം പരിഹരിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. നെടുങ്ങാട് പുഴയുടെ ആഴം തീരെ കുറഞ്ഞതിനാലും നെടുങ്ങാട് പള്ളി പാലം നിർമ്മാണത്തിനായി പുഴചുരുക്കിയുണ്ടാക്കിയ താത്കാലിക പാലം പൊളിച്ചുകളയാത്തതിനാലും വേലിയേറ്റ സമയത്ത് വെള്ളം കരയിലേക്ക് അടിച്ചുകയറുകയാണ്. പുതിയ പാലം പണികഴിഞ്ഞെങ്കിലും പഴയപാലം ഇതുവരെ നീക്കം ചെയ്തിട്ടില്ല.
കരയിലേക്ക് ഓരുവെള്ളം കയറി പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലാണ്. ഇത് പരിഹരിക്കുന്നതിനായിട്ടാണ് വെള്ളപ്പൊക്ക ദുരിത നിവാരണ സമിതിക്ക് രൂപം നൽകിയത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ജി. വിൻസെന്റ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, വാർഡ് മെമ്പർ എൻ.ആർ. ഗിരീശൻ, ചെറുവഞ്ചി തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ജി. സൗമിത്രൻ, നെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. ബുഷി, എൻ.എ. ജയിൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി എൻ.എ. ജയിൻ (ചെയർമാൻ), ജോസഫ് കപ്പിത്താൻപറമ്പിൽ (വൈസ്‌ചെയർമാൻ), എൻ.ജി. രതീഷ് (കൺവീനർ), പി.കെ. അശോകൻ (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.