paravur-market-road-
പറവൂർ മാർക്കറ്റ് റോഡ്

പറവൂർ: ദേശീയപാതയിൽ പറവൂർ മാർക്കറ്റിന് മുന്നിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് അപകടം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞദിവസം റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചു. വീതികുറഞ്ഞ റോഡിൽ മിക്കസമയത്തം മാർക്കറ്റിലേയ്ക്ക് സാധനങ്ങളായി വരുന്ന വലിയ വാഹനങ്ങൾ ഇരുഭാഗങ്ങളിലും പാർക്ക് ചെയ്യാറുണ്ട്. ഇത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും സാദ്ധ്യത കൂട്ടുന്നു. മാർക്കറ്റ് ദിവസങ്ങളായ ചൊവ്വയും വെള്ളിയും റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടും. തിരക്കില്ലാത്ത മറ്റു ദിവസങ്ങളിൽ വാഹനങ്ങൾ ഇതിലൂടെ അമിതവേഗതായിലാണ് പോകുക. റോഡ് മുറിച്ചു കടക്കുന്നവർക്ക് സഹായകമായി സീബ്രാ ലൈനുകളോ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ഹംപുകളോ ഇവിടെയില്ല. മാർക്കറ്റിന് മുന്നിലെ റോഡിൽ സീബ്രാലൈൻ വരയ്ക്കണമെന്നും റോഡരികിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് പറവൂർ – കോട്ടപ്പുറം വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ ജോസ് മാളിയേക്കൽ ആവശ്യപ്പെട്ടു.

 മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം

ദേശീയപാതയിൽ വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള ഒട്ടേറെ സ്ഥലങ്ങളിൽ ഇത്തരം സുരക്ഷാ പ്രശ്നങ്ങളുണ്ട്. പ്രദേശവാസികളല്ലാത്തവർ വാഹനമോടിക്കുമ്പോൾ മാർക്കറ്റ്, വിദ്യാലയങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. ടാറിംഗ് നടത്തിയപ്പോൾ കൂനമ്മാവിലെ ഹംപ് എടുത്തുകളഞ്ഞത് വലിയ അപകടസാദ്ധ്യത ഉയർത്തുകയാണ്. ചന്തകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും സീബ്രാ ലൈനുകൾ വരയ്ക്കാനും ദേശീയപാത അധികൃതർ ഉടൻ നടപടിയെടുക്കണമെന്ന് റസിഡൻസ് അസോസിയേഷൻ അപെക്സ് കൗൺസിൽ (റേയ്സ്) പറവൂർ വരാപ്പുഴ മൂത്തകുന്നം മേഖല പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ ആവശ്യപ്പെട്ടു,