companippady
ദേശീയപാതയിൽ കമ്പനിപ്പടിയിൽ ജീവൻ പണയപ്പെടുത്തി റോഡ് കുറുകെ കടക്കുന്നവർ

ആലുവ: ദേശീയപാതയിൽ കമ്പനിപ്പടിയിൽ അപകടം ഒഴിവാക്കാൻ റോഡിന് കുറുകെ നടപ്പാലം നിർമ്മിക്കുമെന്ന മുൻ പഞ്ചായത്ത് അധികാരികളുടെ വാഗ്ദാനം വെറുതെയായി. ലോക്ക് ഡൗൺ പിൻവലിച്ച് കലാലയങ്ങൾ തുറന്നതോടെ ഇവിടെ വീണ്ടും അപകട മേഖലയായി മാറി. പുതിയ ഭരണക്കാരിൽ പ്രതീക്ഷയർപ്പിക്കുകയാണ് നാട്ടുകാർ.

കഴിഞ്ഞദിവസം ഇവിടെ ബൈക്ക് ഇടിച്ച് വീട്ടമ്മ മരണമടഞ്ഞതാണ് ഒടുവിലത്തെ സംഭവം. നിരവധി പേരാണ് നിത്യേന ഇവിടെ അപകടത്തിൽപ്പെടുന്നത്. അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് മുൻ ഭരണസമിതി കാൽനട യാത്രക്കാർക്കായി മേൽപ്പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ നടപ്പാലം പ്രഖ്യാപിച്ചവർ പകരം ഒരു നിരീക്ഷണ കാമറ സ്ഥാപിച്ച് കൈയ്യൊഴിയുകയായിരുന്നു. മെട്രോ സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, വില്ലേജ് ഓഫീസ്, സഹകരണ - ദേശസാത്കൃത ബാങ്കുകൾ, സംസ്ഥാന പൊതുമേഖല സ്ഥാപനം, ഹൈസ്കൂൾ, ആരധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാർ വന്നുപോകുന്ന കവലയാണിത്. കൂടാതെ ചെറുതും വലുതുമായ നൂറുകണക്കിന് സ്ഥാപനങ്ങളും ഇവിടെയുണ്ട്.

തായിക്കാട്ടുകര, കുന്നത്തേരി, എടമുള ഭാഗത്ത് നിന്നുള്ള വാഹനങ്ങളും സംഗമിക്കുന്നത് ഇവിടെയാണ്. കൊച്ചി മെട്രോ സ്റ്റേഷൻ നിർമാണം നടന്നതോടെ റോഡിന് കൂടുതൽ വീതി കൂടുകയും റോഡുകളെ വേർതിരിച്ച് പില്ലറുകൾ വന്നതുമാണ് വിനയായത്. അതോടെ വാഹനങ്ങളുടെ വേഗതയും കൂടി. പില്ലർ നമ്പർ 111 ന് സമീപം ഇരുവശത്തേക്കും ബസ് സ്റ്റോപ്പുകൾ ഉള്ളതിനാൽ യാത്രക്കാർ കുറുകെ കടക്കുന്നതാണ് പലപ്പോഴും അപകടം സൃഷ്ടിക്കുന്നത്.

നാലുവശത്തുനിന്നും വരുന്ന വാഹനങ്ങളെ മറികടന്ന് റോഡ് കുറുകെ കടക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. അപകടങ്ങൾ പെരുകിയപ്പോൾ ട്രാഫിക് വാർഡൻമാരെ നിയമിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. അടിയന്തരമായി ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.