കൊച്ചി: മഫ്തിയിലെത്തിയപ്പോൾ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വനിതാ സിവിൽ പൊലീസ് ഓഫീസർക്കെതിരെ നടപടിയെടുത്ത ഡി.സി.പി ഐശ്വര്യ ഡോംഗ്റെയെ ആഭ്യന്തര വകുപ്പ് താക്കീത് ചെയ്തു. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നാണ് ഡി.ജി.പിയുടെ നിർദ്ദേശം.
കൊച്ചിയിൽ പുതിയതായി നിയമിതയായ ഡി.സി.പി നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്ത്തിയിൽ എത്തിയതാണ് തുടക്കം. അകത്തേയ്ക്ക് കടക്കാൻ ശ്രമിച്ച ഡി.സി.പിയെ പാറാവ് നിന്ന വനിതാ പൊലീസ് ഓഫീസർ തടഞ്ഞു. ഇതിൽ കുപിതയായാണ് വനിതാ ഉദ്യോഗസ്ഥയെ രണ്ടു ദിവസം ട്രാഫിക് ഡ്യൂട്ടി ചെയ്യാൻ നിർദ്ദേശിച്ചത്.
ഒൗദ്യോഗിക വാഹനം സമീപത്തെ നോർത്ത് സ്റ്റേഷനിൽ പാർക്ക് ചെയ്താണ് എത്തിയത്. പൊലീസുകാർക്ക് മുൻപരിചയമില്ലാത്തതിനാലാണ് തടഞ്ഞതെന്ന് മറുപടി നൽകിയെങ്കിലും ഡി.സി.പി അംഗീകരിച്ചില്ല. പരേഡിലോ മറ്റോ കണ്ടിട്ടില്ലാത്ത മേലധികാരിയെ എങ്ങനെയറിയുമെന്ന ചോദ്യം പൊലീസ് ഓഫീസർമാർ ഉന്നയിച്ചിരുന്നു. ഇക്കാര്യം വാർത്തയായതോടെയാണ് ഡി.ജി.പി ഇടപെട്ടത്.