കൊച്ചി: എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മുല്ലശേരി കനാൽ നവീകരണത്തിന് 4.88 കോടി രൂപ പൊതുവിഭാഗത്തിലെ വികസന വിപുലീകരണ ഫണ്ടിൽനിന്ന് അനുവദിക്കാൻ കൊച്ചി നഗരസഭയ്ക്ക് സർക്കാർ അനുമതി നൽകി. തുക ഫെബ്രുവരി 15 നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
പണം ലഭിച്ചാൽ പണി തുടങ്ങുമെന്ന് അതോറിറ്റി മേധാവിയായ ജില്ലാ കളക്ടറും ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ചുമതലയുള്ള സൂപ്രണ്ടിംഗ് എൻജിനീയറും ഉറപ്പാക്കണം. എങ്കിലേ ഫെബ്രുവരി രണ്ടാംവാരത്തോടെ പണികൾ തുടങ്ങി മൺസൂണിന് മുമ്പ് ഏപ്രിലിലോ മേയിലോ പൂർത്തിയാക്കാനാവൂ. ഒരു സാഹചര്യത്തിലും പണികൾ വൈകരുതെന്നും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
പേരണ്ടൂർ കനാൽ സംരക്ഷിക്കാൻ അതോറിറ്റി
പേരണ്ടൂർ കനാൽ സംരക്ഷിക്കുന്നതിന് ഒരു അതോറ്റിയോ മറ്റേതെങ്കിലും സംവിധാനമോ വേണമെന്ന് കഴിഞ്ഞ ഒക്ടോബർ 14ലെ ഉത്തരവിൽ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇൗ വിഷയം സർക്കാർ പരിഗണിക്കുകയാണെന്നും ഒരുമാസത്തിനകം മറുപടി നൽകാമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.
തേവരയിലെ പില്ലറുകളുടെയും സ്ളാബിന്റെയും പണികൾ
തേവര ഭാഗത്തെ പേരണ്ടൂർ കനാൽ ശക്തിപ്പെടുത്താൻ പില്ലറുകളും സ്ളാബുകളും സ്ഥാപിക്കുന്നതിന് കൊച്ചി നഗരസഭയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിൽ തുടർനടപടിയുണ്ടായതായി കാണുന്നില്ല. ഇൗ സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
എലഞ്ഞേരിൽ റോഡിലെ വെള്ളക്കെട്ട്
എലഞ്ഞേരിൽ റോഡിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള വലിയ കനാലിൽ വർഷംമുഴുവൻ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണെന്നും ഇവിടെ ജലം എങ്ങനെ മലിനമാകുന്നുവെന്ന് വ്യക്തമല്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്ക് കത്തുകളും ലഭിച്ചിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും പ്രശ്നപരിഹാരത്തിന് നടപടിയെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഫെബ്രുവരി 17ന് വീണ്ടും പരിഗണിക്കും.