തൃപ്പൂണിത്തുറ: നഗരസഭയിലെ ഇന്റർകോം സൗകര്യം തകരാറിലായിട്ട് വർഷം ഒന്നായെങ്കിലും നന്നാക്കാൻ ഇതേവരെ അധികൃതർ തയ്യാറാകാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. റിസപ്ഷനിൽ വരുന്ന ഫോൺ വിവരങ്ങൾ അറിയാൻ അതത് വിഭാഗത്തിലേക്ക് കൈമാറാൻ ഇന്റർ കോം സൗകര്യം ഉണ്ടായിരുന്നു. അതുകൊണ്ട് വിളിച്ചുചോദിച്ചാൽ ഓരോ സെക്ഷനിലും കാണേണ്ട ജീവനക്കാർ അവധിയിലാണോ എന്നറിയാൻ സാധിക്കുമായിരുന്നു. ഇപ്പോൾ കിലോമീറ്റർ താണ്ടി ഓഫീസിലെത്തുമ്പോൾ സെക്ഷനിലെ ജീവനക്കാർ അവധിയാണെങ്കിൽ നിരാശരായി തിരികെപ്പോകേണ്ട അവസ്ഥയാണ്.

ബി.എസ്.എൻ. എൽ അധികൃതർക്ക് പല തവണ കത്ത് നൽകിയിട്ടും പരിഹാരമില്ലെന്നാണ് നഗരസഭ പറയുന്നത്. പുതിയ ഭരണസമിതി പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.