കൊച്ചി: കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് മേഖലയിൽ നിന്ന് പണവും സ്വർണവും സി.ബി.ഐ പിടിച്ചെടുത്ത കേസിനെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ പ്രിവന്റീവ് കമ്മിഷണർ സസ്പെൻഡ് ചെയ്തു.

ഒരു സൂപ്രണ്ട്, രണ്ട് ഇൻസ്പെക്ടർമാർ, ഒരു ഹെഡ് ഹവിൽദാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വടക്കേയിന്ത്യൻ സ്വദേശികളാണെന്നാണ് സൂചന. സി.ബി.ഐയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. കസ്റ്റംസ് മേഖലയിൽ നിന്ന് രണ്ടര ലക്ഷം രൂപയും സ്വർണവും സി.ബി.ഐ പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും മറ്റും പിടിച്ചെടുത്തതായും സൂചനയുണ്ട്. സ്വർണക്കടത്തിനുൾപ്പെടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ നൽകുന്നെന്ന ആരോപണത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുന്നതിനിടെയാണ് സി.ബി.ഐ ഡയറക്ടറേറ്റ് ഒഫ് ഇന്റലിജൻസിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.