vaccine

കൊച്ചി: ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. 16നാണ് കുത്തിവയ്പ് ആരംഭിക്കുക. മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതല കർമ്മസമിതി യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്.സുഹാസ് ഒരുക്കങ്ങൾ വിലയിരുത്തി.
73,000 ഡോസ് വാക്‌സിൻ ജില്ലക്ക് ലഭ്യമായതിൽ 1040 ഡോസ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കും 71,290 ഡോസ് വാക്‌സിൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പ്രവർത്തകർക്കുമാണ് നൽകുന്നത്.
വാക്‌സിൻ സെന്ററുകളിൽ ഒരു ദിവസം നൂറു പേർക്ക് വീതം 12 സെന്ററുകളിലായി 1200 പേർക്കായിരിക്കും ഒരു ദിവസം വാക്‌സിൻ നൽകുക. ജില്ലയിലെ 19 ബ്ലോക്കുകളിലായി 260 സെന്ററുകളുണ്ട്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്‌സിൻ സെന്ററുകളായി ഉൾപ്പെടുത്തി. രണ്ട് ഡോസ് വാക്‌സിനാണ് നൽകുക. ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം 28 ദിവസത്തിനു ശേഷമായിരിക്കും രണ്ടാമത്തെ ഡോസ്. രണ്ട് മാസം കൊണ്ട് ഈ പ്രക്രി​യ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.

ജില്ലാ മെഡിക്കൽ ഓഫീസിൽ ആണ് കൊവിഡ് വാക്‌സിനേഷൻ കൺട്രോൾ റൂം. നമ്പർ: 9072303861 ( സമയം രാവിലെ 9 മുതൽ 6 വരെ)