church

കൊച്ചി: കോതമംഗലം ചെറിയപള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് നൽകാനുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കുന്നത്, അപ്പീൽ അടുത്ത തവണ പരിഗണിക്കുന്നതുവരെ നീട്ടിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അപ്പീൽ എന്നു പരിഗണിക്കണമെന്ന കാര്യത്തിൽ കക്ഷികൾ തീരുമാനമെടുത്ത് അറിയിക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് കൈമാറാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ കേന്ദ്രസേനയുടെ സഹായത്തോടെ ഏറ്റെടുക്കാനാണ് സിംഗിൾബെഞ്ചിന്റെ വിധി. സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഇത്. കോടതിയലക്ഷ്യ ഹർജിയിൽ ഇത്തരം നിർദ്ദേശം നൽകാൻ നിയമപരമായി കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. ഇന്നലെ അപ്പീൽ പരിഗണനയ്ക്കെടുത്തപ്പോൾ ജനുവരി 20 ലേക്ക് മാറ്റാൻ ഒാർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. പിന്നീട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ഇവർ അറിയിച്ചത് കോടതി രേഖപ്പെടുത്തി.

കേന്ദ്രസേനയുടെ സഹായത്തോടെ പള്ളി ഏറ്റെടുക്കുമെന്ന വിധിയിലെ നിർദ്ദേശം പുനഃപരിശോധിച്ച് ഹർജി നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതായി അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ അറിയിച്ചു. റിവ്യൂ ഹർജി തയാറാക്കി കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കയച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച ഫയൽ ചെയ്യുമെന്നും വിശദീകരിച്ചു.