kochi

കൊച്ചി: പ്രതീക്ഷിച്ചതും ആഗ്രഹിച്ചതുമെല്ലാം കിട്ടിയില്ലെങ്കിലും കൊച്ചിയ്ക്കും എറണാകുളം ജില്ലയ്ക്കും ആശ്വാസം പകരുന്നതാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റ്. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽ.എൻ.ജി) നികുതി അഞ്ചു ശതമാനമായി കുറച്ചത് സിറ്റി ഗ്യാസ് പദ്ധതിക്കുൾപ്പെടെ കുതിപ്പ് നൽകും. ജലമെട്രോ, റോഡ് ശൃംഖല തുടങ്ങിയവയ്ക്കും പദ്ധതികളുണ്ട്.

കൊവിഡിൽ തളർന്ന ടൂറിസം മേഖലയെ സഹായിക്കുന്ന പദ്ധതികൾ നേട്ടം നൽകുമെന്നാണ് പ്രതീക്ഷ. അങ്കമാലി അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി, ഫാർമ പാർക്ക് തുടങ്ങിയ വ്യവസായസംരംഭങ്ങൾക്കൊപ്പം സാധാരണക്കാർക്ക് സഹായമായ പദ്ധതികളും ജില്ലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചി നഗരവികസനത്തിന് കുതിപ്പേകുന്ന പദ്ധതികളും വാണിജ്യമേഖലയെ സഹായിക്കുന്ന നടപടികളില്ലെന്നും വിമർശനം ഉയർന്നിട്ടുമുണ്ട്.

കൊച്ചി മംഗലാപുരം എൽ.എൻ.ജി പൈപ്പ്ലൈൻ കമ്മിഷൻ ചെയ്തതിന് പിന്നാലെ നികുതി കുറച്ചത് സ്വാഗതം ചെയ്യപ്പെട്ടു. മൂല്യവർദ്ധിതനികുതിയാണ് എൽ.എൻ.ജിക്ക് ഈടാക്കുന്നത്. 1.45 ശതമാനമായിരുന്ന നികുതിയാണ് 5 ശതമാനമായി കുറച്ചത്. എൽ.എൻ.ജി ഉപയോഗിക്കുന്ന ഫാക്ട്, ബി.പി.സി.എൽ എന്നിവയുൾപ്പെടെ കൊച്ചിയിലെ 11 കമ്പനികൾക്ക് നികുതിയിളവ് ഗുണം ചെയ്യും. പാചകവാതകമായി ഉപയോഗിക്കുന്ന സിറ്റി ഗ്യാസ്, വാഹന ഇന്ധനമായ സി.എൻ.ജി എന്നിവയുടെ ഉപഭോക്താക്കൾക്കും വിലക്കുറവിൽ ഇന്ധനം ലഭിക്കാൻ വഴിതെളിക്കും.

കൊച്ചി കാൻസർ സെന്റർ 2021 ൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട രോഗികൾക്ക് ആശ്വാസം പകരുന്നതാണ്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് വാണിജ്യാടിസ്ഥാനത്തിൽ നവീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ചെലവുൾപ്പെടെ വ്യക്തമാക്കിയിട്ടില്ല. കൊച്ചി മെട്രോയ്ക്ക് ബഡ്‌ജറ്റിൽ വിഹിതം അനുവദിച്ചിട്ടില്ല.

പ്രധാന പദ്ധതികൾ

ഐ.ടി

വ്യവസായങ്ങൾ

• പെട്രോകെമിക്കൽ പാർക്കിൽ മരുന്ന് ഉത്പാദനത്തിന് ഫാർമ പാർക്ക്

• കിൻഫ്ര ഹൈടെക് പാർക്കിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ 10 കോടി

• ആമ്പല്ലൂരിലെ ഇലക്ട്രോണിക് പാർക്ക് നിർമ്മാണം ഉൗർജ്ജിതമാക്കും

• അങ്കമാലി അയ്യമ്പുഴയിൽ 220 ഏക്കറിൽ ഗ്ളോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് (ഗിഫ്‌റ്റ്) സിറ്റി നടപ്പാക്കാൻ 20 കോടി.

ടൂറിസം

• മുസിരിസ് പ്രദേശം വിദ്യാർത്ഥികൾ സന്ദർശിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ 5 കോടി

• കൊച്ചിയും വേദിയാകുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും

• കൊച്ചി ബിനാലെക്ക് 7 കോടി രൂപ

കാർഷികം

• കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകൾ വർദ്ധിപ്പിക്കും

• ജില്ലാ മിഷനുകൾ അംഗീകരിക്കുന്ന പദ്ധതികൾക്ക് ഈടില്ലാതെ വായ്പ

• മൈക്രോ സംരംഭങ്ങൾക്ക് കെ.എഫ്.സിയുടെ വായ്പ

• പ്ളൈവുഡ് പ്ളാന്റ് വിപുലീകരിക്കാൻ ബാംബൂ കോർപ്പറേഷന് 5 കോടി

• കാക്കനാട്ടെ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയ്ക്ക് പച്ചക്കറികൃഷി വികസനത്തിന് 20 കോടി രൂപ

• മൂവാറ്റുപുഴയാർ, ഇടമലയാർ ജലസേചനപദ്ധതികൾക്ക് 40 കോടി രൂപ


സാംസ്കാരികം

കടവന്ത്രയിൽ സിനിമാ പോസ്റ്റ് പ്രൊഡക്ഷൻ സെന്റർ ആരംഭിക്കും

• കൊച്ചി നിയമസഭാംഗങ്ങളായിരുന്നവർക്ക് സ്‌മാരകങ്ങൾ

• കൂനമ്മാവിലെ ചാവറ കുര്യാക്കോസ് അച്ചൻ ആസ്ഥാനം മ്യൂസിയമാക്കാൻ 50 ലക്ഷം രൂപ

• കാക്കനാട്ടെ കേരള മീഡിയ അക്കാഡമിക്ക് 5 കോടി രൂപ

മത്സ്യമേഖല

• ചെല്ലാനം ചേർത്തല തീരസംരക്ഷണത്തിന് കിഫ്ബിയിൽ നിന്ന് 100 കോടി രൂപ

• കടൽഭിത്തി നിർമ്മാണത്തിന് ഫണ്ട്

• തീരദേശ ആശുപത്രികൾക്കും സ്കൂളുകൾക്കും സഹായം

• തീരദേശവാസികൾക്ക് പുനർഗേഹം പദ്ധതിയിൽ വീട്

• മണ്ണെണ്ണ ലിറ്ററിന് 25 രൂപയ്ക്ക്

• മണ്ണെണ്ണ എൻജിനുകൾ മാറ്റി പെട്രോളാക്കാൻ സബ്സിഡി

• വൈദ്യുത ഓട്ടോറിക്ഷ വാങ്ങാൻ മത്സ്യഫെഡ് വഴി സഹായം

ഗതാഗതം

തേവര പണ്ഡിത് കറുപ്പൻ റോഡ് എലിവേറ്റഡ് സമാന്തര പാതയുൾപ്പെടെ കൊച്ചിയിലെ പ്രധാന റോഡുകളുടെ ശൃംഖല

• എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പുനരുദ്ധാരണം 2021- 22 ൽ നടപ്പാക്കും

• കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് 9 കോടി രൂപ

• ജലമെട്രോയുടെ 19 ബോട്ട് ജെട്ടികളുടെ ഒന്നാംഘട്ടം ഈമാസം ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ടത്തിൽ 19 എണ്ണം 2022 ൽ പൂർത്തിയാകും.

• കൊച്ചി മെട്രോയുടെ പേട്ട മുതൽ തൃപ്പൂണിത്തുറ വരെ 2022 ൽ പൂർത്തിയാക്കും