tubercolosis

കൊച്ചി: ഔഷധങ്ങളോട് പ്രതികരിക്കാത്ത മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗം (എം.ഡി.ആർ.ടി.ബി) ജില്ലയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം ദീർഘകാല ചികിത്സ ആവശ്യമുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയം ബാധിച്ച 47 പേരെ കണ്ടെത്തി. അഞ്ചു വർഷത്തിനിടെ 222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

2015 ൽ 29 പേർക്കാണ് രോഗബാധയെങ്കിൽ 2018 ഓടെ 41 ആയി. നൂതനമായ ജനിതക സാങ്കേതികവിദ്യാസൗകര്യം അടങ്ങിയ സിബിനാറ്റ് ടെസ്റ്റുകൾ വ്യാപിപ്പിച്ചതോടെയാണ് കൂടുതൽ രോഗ ബാധിതരെ കണ്ടെത്താനായത്. കൊവിഡ് വ്യാപനത്തെ തുടർന്ന് പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കിയതും ഒരു കാരണമാണ്.


മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയം
ക്ഷയ ചികിത്സയുടെ ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്ന റിഫാംപിഡിൻ, ഐസോനിയാസിഡ് എന്നീ ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി മൈക്കോ ബാക്ടീരിയം ട്യൂബർക്കലോസിസ് എന്ന ബാക്ടീരിയ നേടുമ്പോഴാണ് എം.ഡി.ആർ.ടി.ബി. എന്ന സ്ഥിതി വരുന്നത്. ഇതോടെ ചികിത്സ ബുദ്ധിമുട്ടാകും. ഒരാളി​ൽ നി​ന്ന് പ്രതിവർഷം ശരാശരി 10 മുതൽ 15 വരെ പേർക്ക് രോഗം പകരാമെന്നാണ് കണക്ക്. പാതിവഴിയിൽ ക്ഷയചികിത്സ നിറുത്തിയവരും ആദ്യഘട്ടത്തിൽ കൃത്യമായ അളവിൽ മരുന്നുകഴിക്കാത്തവരും എം.ഡി.ആർ.ടി.ബി ബാധിതരാകാനുള്ള സാദ്ധ്യതയുണ്ട്.

രോഗ നിർണയം

രോഗിയുടെ പശ്ചാത്തലം, മുമ്പു കഴിച്ച മരുന്നുകൾ, കഫം പരിശോധന തുടങ്ങിയവയ്ക്കു ശേഷമാണ് രോഗം സ്ഥിരീകരിക്കുക. രോഗികൾക്ക് ശക്തികൂടിയ ആന്റി ബയോട്ടിക്കുകളാണ് നൽകുന്നത്. രണ്ടുവർഷമാണ് ചികിത്സാ കാലാവധി. ആറുമുതൽ ഒമ്പതുവരെ ആഴ്ച തീവ്രചികിത്സ വേണ്ടിവരും. പരിശോധനകളും മരുന്നുകളും സൗജന്യമായാണ് നൽകുന്നത്.

തടയാൻ ഇടപെടലുകൾ

വിവിധ മരുന്നുകൾക്കു വഴങ്ങാത്ത ടി.ബിയുടെ സാന്നിദ്ധ്യം ക്ഷയരോഗചികിത്സയിലെ വെല്ലുവിളിയാണെങ്കിലും 40 ശതമാനം വരെയാണ് രോഗമുക്തി നിരക്ക്. ക്ഷയരോഗ ബാധിതരെ കാര്യക്ഷമമായി ചികിത്സിക്കാനും സ്വകാര്യ ആശുപത്രികളിലും മരുന്നുകൾ നൽകാനും കൃത്യമായി രോഗികൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ട്. രണ്ടര ലക്ഷം വരെ വില വരുന്ന മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗ മരുന്നുകൾ സൗജന്യമായാണ് ടി.ബി. സെന്ററുകൾ വഴി വിതരണം ചെയ്യുന്നത്.

ഡോ.കെ. വേണഗോപാൽ

ചീഫ് കൺസൾട്ടന്റ്

സംസ്ഥാന ആരോഗ്യ വകുപ്പ്


ജില്ലയിലെ രോഗ ബാധിതർ

വർഷം, എണ്ണം

2015, 26
2016, 27
2017, 32
2018, 41
2019, 46
2020, 47