honey-trap

കോലഞ്ചേരി: ഓൺലൈൻ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ്. സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് ഇരകളെ കണ്ടെത്തുന്നത്. മദ്ധ്യ വയസ്ക്കരെയാണ് കുരുക്കുന്നതിലധികവും. എന്നാൽ വലയിൽ കുടുങ്ങിയവർ മാനക്കേടോർത്ത് പരാതിപ്പെടാൻ തയ്യാറായിട്ടില്ല.

തട്ടിപ്പിങ്ങനെ

ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ചാറ്റിംഗിലൂടെ കൂടുതൽ വിവരങ്ങൾ ഇവർ ശേഖരിക്കും. കുടുംബാംഗങ്ങളുടെ വിവരമടക്കം. പിന്നീട് വാട്സ്ആപ്പ് നമ്പർ ചോദിച്ച് വാങ്ങും. തൊട്ട് പിന്നാലെ വീഡിയോ കാൾ ചെയ്യുന്നതാണ് ഇവരുടെ രീതി. വിവസ്ത്രരായായിരിക്കും വീഡിയോ കാളിൽ ഇവർ പ്രത്യക്ഷപ്പെടുക. കട്ട് ചെയ്താൽ വേയ്സ് മേസേജ് വരും. ഇപ്പോൾ കണ്ട വീഡിയോ കാളിന്റെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിലടക്കം പങ്കുവയ്ക്കുമെന്നും അല്ലെങ്കിൽ പണം തരണമെന്നും ഭീഷണിയുടെ സ്വരത്തിലായിരിക്കും മെസേജ്. ചില സംഘങ്ങൾ വീഡിയോ കാൾ ചെയ്ത് ഉടൻ കട്ട് ചെയ്യും. ഇതിനിടയിൽ സ്ക്രീൻ ഷോട്ട് എടുക്കുകയും ഈ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല വീഡിയോയി വാട്സ്ആപ്പിലൂടെ കൈമാറുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഹണിട്രാപ്പിൽ കുടുങ്ങിയവരിൽ പലരും പണം കൊടുത്ത് തലയൂരുകയാണ് ചെയ്യുന്നത്. പലരും ഫേസ്ബുക്കും വാട്സ്ആപ്പും ഉപേക്ഷിച്ചു. പണം നൽകാത്തവരുടെ സുഹൃത്തുക്കൾക്ക് വീഡിയോകളും സന്ദേശങ്ങളും കൈമാറിയാണ് ഇത്തരക്കെ വരുതിയിലാക്കുന്നത്. ഉത്തരേന്ത്യക്കാരാണ് ഇതിന് പിന്നിൽ.

പൊലീസ് നിർദേശം

1.പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കാതിരിക്കുക. .
2.മെസേജുകളിലെ ലിങ്കുകൾ ഡിവൈസിൽ തന്നെ തുറക്കാതിരിക്കുക. ഇനി തുറക്കണമെങ്കിൽ ഡീഫോൾട്ട് ബ്രൗസറായി ക്രോം അല്ലാത്ത ഏതെങ്കിലും ഉപയോഗിയ്ക്കുക.
3.ഇനി ഇങ്ങനെ കുടുങ്ങി ഒരു വീഡിയോ വന്നാൽ അതിനെ അവഗണിക്കാൻ പഠിയ്ക്കുക .

4.അതൊഴിവാക്കാനെന്ന പേരിൽ പണം കൊടുക്കാതിരിയ്ക്കുക.

5.ഫേസ്ബുക്ക് സൗഹൃദപ്പട്ടിക പ്രൈവ​റ്റ് ആക്കുക.

6മൊബൈൽ കോണ്ടാക്റ്റ് ലിസ്​റ്റ്, എസ്.എം.എസ് എന്നീ പെർമ്മിഷനുകൾ ഒരു ആപ്പിനും പരമാവധി നൽകാതിരിയ്ക്കുക.
7.ഇനി നിങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെ മെസേജ് ഏന്തെങ്കിലും വന്നാൽ അവർക്ക് മാനസികമായി അതിജീവിയ്ക്കാൻ ധൈര്യം നൽകുക.

8സൈബർ സെല്ലിൽ പരാതി നല്കുക.