കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിന്റെ പ്രഥമ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധവും വാക്കൗട്ടും. അടുത്ത അഞ്ച് വർഷത്തെ ആസൂത്രണ സമിതി തിരഞ്ഞെടുപ്പും വർക്കിംഗ് ഗ്രൂപ്പ് രൂപീകരണവും അജണ്ടയാക്കി ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നടന്നത്. ട്വന്റി20 യാണ് ഇവിടെ ഭരണ നേതൃത്വത്തിലുള്ളത്. യോഗം ആരംഭിച്ച ഉടൻ പ്രസിഡന്റ് ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചതാണ് പ്രകോപനത്തിന് കാരണം. ആസൂത്രണ സമിതി അംഗങ്ങളിൽ ഒരാൾ പോലും മഴുവന്നൂർ പഞ്ചായത്ത് അതിർത്തിയിൽ താമസിക്കുന്നവർ അല്ലാത്തതാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. ഏകപക്ഷീയമായി നടത്തിയ തിരഞ്ഞെടുപ്പിനെതിരെ വിയോജനകുറിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷത്തെ മുഴുവൻ അംഗങ്ങളും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. കഴിഞ്ഞ ബുധനാഴ്ച രണ്ട് മണിക്ക് ആദ്യ പഞ്ചായത്ത് കമ്മിറ്റി ചേരാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അംഗങ്ങളെല്ലാം ഹാജരായപ്പോൾ യോഗം മാറ്റിവെച്ചതായി പ്രസിഡന്റ് അറിയിച്ചിരുന്നു. പിന്നീടാണ് ഇന്നലെ അടിയന്തിര യോഗം ചേർന്നത്. ജനകീയാസൂത്രണമെന്ന ലോകമെങ്ങും അംഗീകരിച്ച ജനാധിപത്യ വികസന പ്രക്രിയയാണ് ഭരണസമിതി ഏകപക്ഷീയമായി അട്ടിമറിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. സംഭവത്തെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും, പഞ്ചായത്ത് സെക്രട്ടറി മറുപടി തരുമെന്നുമാണ് പ്രസിഡന്റ് ബിൻസി ബൈജു പ്രതികരിച്ചത്. തുടർന്ന് പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ്ണയെ അംഗങ്ങളായ ജോർജ് ഇടപ്പരത്തി, വി. ജോയിക്കുട്ടി, കെ.പി.വിനോദ്കുമാർ, പി.ജി.അനിൽകുമാർ, കെ.കെ. ജയേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ. അജിതൻനായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.എൽദോ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.