gift-city-

കൊച്ചി: പശ്ചാത്തല മേഖലയിൽ കുതിപ്പുണ്ടാക്കി കൊച്ചിയെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്ന ഗിഫ്റ്റ് സിറ്റി പ്രോജക്ടിന് ബഡ്ജറ്റിൽ 20 കോടി. ഭൂമിയേറ്റെടുപ്പ് കിഫ്ബി യൂണിറ്റ് വഴി നടത്തും. 543 ഏക്കർ ഭൂമിയാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അയ്യമ്പുഴ വില്ലേജിൽ പദ്ധതിക്കായി അക്വയർ ചെയ്യുന്നത്. 2013ലെ ലാൻ‌‌ഡ് അക്വിസിഷൻ, റിഹാബിലിറ്റേഷൻ ആക്ട് പ്രകാരമാണ് ഭൂമിയേറ്റെടുക്കുക. ഇതിനായുള്ള അനുവാദം നേരത്തെ തന്നെ റവന്യൂ വകുപ്പ് നൽകുകയും നടപടികൾക്കായി ജില്ലാ കളക്ടറെ ചുമതപ്പെടുത്തുകയും ചെയ്തിരുന്നു. ഡൽഹി - മുംബയ് വ്യവസായ ഇടനാഴി നടത്തുന്ന നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെ സഹായത്തോടെയാണ് കേരളത്തിൽ പദ്ധതി നടപ്പാലാക്കുന്നത്. ആകെ ചെലവിന്റെ പകുതി കേന്ദ്രസർക്കാർ വഹിക്കും. നോളജ് ഹബ് കമ്പനികൾ, കാപ്പിറ്റൽ മാനേജ് മെന്റ്, അസറ്റ് മാനേജ് മെന്റ്, ഇൻഷ്വറൻസ്, ഓഡിറ്റിംഗ്, ഐ.ടി, ഐ.ടി അനുബന്ധ വ്യവസായങ്ങൾ , ഹോസ്പിറ്റാലിറ്റി, കൺവെൻഷൻ , എന്റർടെയിൻമെന്റ് മേഖലകളിലായി വിവിധ കമ്പനികളും ഗിഫ്റ്റിലെത്തും. കൊച്ചി -ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് പദ്ധതി. ഇതി​നായി 2321 ഏക്കർ ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കാനും ബഡ്ജറ്റിൽ നിർദ്ദേേശമുണ്ട്.

ആദ്യ ഘട്ടത്തിൽ 1600 കോടിയും തുടർന്ന് പത്ത് വർഷത്തിനുള്ളിൽ 18000 കോടി രൂപയുടെയും നിക്ഷേപം ഇവിടെ ഉണ്ടാകും. ഹൈടെക് സർവീസുകളും മറ്റ് ഫിനാൻഷ്യൽ സർ‌വീസുകളുമാണ് പ്രധാനമായി എത്തുക. പദ്ധതി പൂർണമാവുന്നതോടെ 1.2 ലക്ഷം പേർ‌ക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.