തൃക്കാക്കര : ജീവനക്കാരുടെ ശമ്പളം ഏപ്രിൽ മാസം മുതൽ പരിഷ്കരിക്കുന്നതിനും മെഡിസെപ് പദ്ധതി അടുത്ത സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ സിവിൽ സ്റ്റേഷനിലും മറ്റ് താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ അനീഷ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധി മൂലം പ്രതിസന്ധിയിലായ തൊഴിൽ മേഖലയെ കരകയറ്റാൻ ബഡ്ജറ്റ് നിർദ്ദേശങ്ങൾക്ക് സാധിക്കുമെന്നും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സർക്കാർ നടപടി മാതൃകാപരമാണെന്നും ഉദ്ഘാടകൻ പ്രസ്താവിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു രാജൻ , ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, സമര സമിതി കൺവീനർ ഹുസൈൻ പതുവന എന്നിവർ പങ്കെടുത്തു. മറ്റ് കേന്ദ്രങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം പി അജിത്ത്, ജില്ല ജോയിന്റ് സെക്രട്ടറി സി.ബ്രഹ്മഗോപാലൻ, ജില്ല വൈസ് പ്രസിഡന്റ് അബു സി.രഞ്ജി, ജില്ല കമ്മിറ്റിയംഗം സന്ദീപ് ആർ എന്നിവർ പ്രകടനം ഉദ്ഘാടനം ചെയ്തു.