കുറുപ്പംപടി: മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന് അനുമതി തേടി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നൽകി. മണ്ഡലത്തിലെ 5 വില്ലേജുകൾ നവീകരിക്കുന്നതിനുള്ള പട്ടികയാണ് എം.എൽ.എ നൽകിയത്. അറക്കപ്പടി, പെരുമ്പാവൂർ, രായമംഗലം, വേങ്ങൂർ, കൊമ്പനാട് എന്നി വില്ലേജ് ഓഫീസുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു വേഗത്തിൽ സേവനം നൽകാനാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളായി നവീകരിക്കുന്നത്.

1200 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് പദ്ധതി പ്രകാരം നിർമിക്കുന്നത്. സർക്കാർ അനുവദിക്കുന്നതിൽ നിന്നും അധികമായി തുക ആവശ്യമായി വരികയാണെങ്കിൽ എം.എൽ.എ ഫണ്ട് വിഹിതമായി നൽകുമെന്നും എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.

സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ എത്തുന്നവർക്ക് കാത്തിരിക്കാൻ ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിനു ബാങ്ക് മാതൃകയിലുള്ള സംവിധാനവും ശുദ്ധജലവും ഒരുക്കും. ജീവനക്കാർക്കു ഹാഫ് കാബിൻ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടാവും. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവർക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം ഒരുക്കും. ടോക്കൺ എടുക്കുന്നതിനുള്ള സൗകര്യങ്ങളും, നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡും ഓഫീസിൽ സ്ഥാപിക്കും. സ്ത്രീകൾക്കും മുതിർന്നവർക്കും വികലാംഗർക്കും വിശ്രമമുറികൾ ഒരുക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. ഏഴ് ഉദ്യോഗസ്ഥർക്ക് ഒരേസമയം തന്നെ ജോലി ചെയ്യുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സൗകര്യം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രത്യേകതയാണ്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രത്യേകം ശുചിമുറികൾ, ഫയലുകൾ സൂക്ഷിക്കാൻ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മനോഹാരിതക്ക് മറ്റു കൂട്ടുന്ന പൂന്തോട്ടം എന്നിവ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നത്.