കൊച്ചി: നഗരത്തിലെ വഴിയോര കച്ചവടക്കാർക്കായി പ്രത്യേക നയം രൂപീകരിക്കുമെന്നും അവരുടെ പുനരധിവാസത്തിനായി വെൻഡിംഗ് സോണുകൾ ഒരുക്കുമെന്നും മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ( സി.എസ്.എം.എൽ )സ്മാർട്ട് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡൻ എം.പി, കൗൺസിലർമാരായ സുധ ദിലീപ്‌കുമാർ, മിനി ദിലീപ്, മനു ജേക്കബ്ബ് , ഉദ്യോഗസ്ഥർ എന്നിവരും മേയർക്ക് ഒപ്പമുണ്ടായിരുന്നു. എബ്രഹാം മാടമക്കൽ റോഡ്, മറൈൻഡ്രൈവ് വാക്‌വേ, ക്ലോത്ത് ബസാർ റോഡ്, എന്നീ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
യോഗ തീരുമാനങ്ങൾ
1. എബ്രഹാം മടമാക്കൽ റോഡ് മുതൽ ഡി.എച്ച് റോഡ് വരെയുള്ള പ്രവൃത്തികൾ ഫെബ്രുവരി 15 നകം പൂർത്തീകരിക്കണമെന്ന് സി.എസ്.എം.എല്ലിന് നിർദ്ദേശം നൽകി
2.വഴിയോര പെട്ടികടകൾ നീക്കം ചെയ്യും. ഇതിന് മുന്നോടിയായി പെട്ടിക്കട വ്യാപാരി സംഘടനകളുടെ യോഗം വിളിക്കുന്നതിനും സ്ട്രീറ്റ് വാക്കേഴ്‌സ് പോളിസി നടപ്പാക്കുന്നതിനും തീരുമാനിച്ചു.
3.കെ.എം.ആർ.എൽ, സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിച്ച നടപ്പാതകളിലെ അനധികൃത കൈയേറ്റങ്ങൾ പരിശോധിച്ച് ലിസ്റ്റ് തയ്യാറാക്കുന്നതിന് ടൗൺപ്ലാനിംഗ്, ഹെൽത്ത് വിഭാഗം എന്നിവരെ ചുമതലപ്പെടുത്തി.
4.നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത കേബിളുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 19 ന് വൈകിട്ട് 3 മണിക്ക് യോഗം വിളിച്ച് ചേർക്കും. തുടർ നടപടികൾ സ്വീകരിക്കുന്നതിന് സൂപ്രണ്ടിംഗ് എൻജിനീയറെ ചുമതലപ്പെടുത്തി .
5.സ്മാർട്ട് സിറ്റി പദ്ധതിയിലെ വർക്കുകൾ സംബന്ധിച്ച കൃത്യമായ ഷെഡ്യൂൾ തയ്യാറാക്കണം. ഓരോ രണ്ടാഴ്ചയും വർക്ക് ഷെഡ്യൂൾ ബന്ധപ്പെട്ട കൗൺസിലർമാരെ അറിയിക്കണം.
6. പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ അതാത് കൗൺസിലർമാർ, വ്യാപാരികൾ, കരാറുകാർ, സി.എസ്.എം.എൽ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണം
7.സി.എസ്.എം.എൽ വർക്കുകളുമായി ബന്ധപ്പെട്ട് കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ തുടങ്ങിയ ഏജൻസികളുടെ പരാതികൾ മേയറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിൽ ഉൾപ്പെടുത്തി പരിഹരിക്കും.