കൊച്ചി :നഗരപിതാവ് എന്ന നിലയിൽ താൻ ആവശ്യപ്പട്ട എല്ലാ വികസന പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ ഇടം നേടിയിട്ടുണ്ടെന്ന് മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടുന്നത്, പാലാരിവട്ടത്തു നിന്നും കാക്കനാടേക്ക് നീട്ടുന്നത് എല്ലാം തന്നെ നഗരവികസനത്തിന്റെ ഭാഗമാണ്. ഓപ്പറേഷൻ ബ്രേക്ക്ത്രൂവിലൂടെ ഇതിനോടകം തന്നെ കോടിക്കണക്കിന് രൂപയുടെ വെളളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. തേവര പേരണ്ടൂർ കനാൽ ഉൾപ്പെടെ നഗരത്തിലെ പ്രധാന തോടുകളെല്ലാം നവീകരിക്കുവാൻ പണം അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുളളതാണ്. ജില്ലാ ആശുപത്രിയുടെ വികസനം സ്‌കൂളുകളുടെ നവീകരണം എന്നിവ കിഫ്ബിയിൽ ഉൾപ്പെടുത്തി നടന്നു വരുന്നു.
നഗരസഭ ആവശ്യപ്പെട്ട തേവര-പണ്ഡിറ്റ് കറുപ്പൻ എലിവേറ്റഡ് സമാന്തര പാതക്ക് 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തമ്മനം പുല്ലേപ്പടി റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് വീതി വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. കൊച്ചിയിലെ റോഡ് നെറ്റ് വർക്ക് എന്ന പേരിൽ ഗോശ്രീ മാമാംഗലം റോഡ്, കെ.പി വള്ളോൻ റോഡ്, പള്ളുരുത്തി പാരലൽ റോഡ്, മധുര കമ്പനി കണ്ണേങ്ങാട്ട് പാലം അപ്രോച്ച് റോഡ് തുടങ്ങിയവയും ബഡ്ജറ്റിൽ ഇടം പിടിച്ചിരിക്കുന്നു. പശ്ചിമ കൊച്ചിയുടെ ജീവനാഡിയായ രാമേശ്വരം ബൗണ്ടറി കനാൽ ശുചീകരിച്ച് വികസിപ്പിക്കൽ, മാന്ത്ര എൻവയോണ്മെന്റൽ സ്‌കീം നടപ്പാക്കൽ എന്നിവയ്ക്കും നടപടി സ്വീകരിച്ചിട്ടുണ്ട്. കൊച്ചിയുടെ ചരിത്രത്തിൽ ആദ്യമായാണ് മേയർ ആവശ്യപ്പെട്ട മുഴുവൻ പദ്ധതികളും ഒരു ബഡ്ജറ്റിൽ ഇടം നേടുന്നതെന്ന് അദ്ദേഹം പറഞ്ഞു