കിഴക്കമ്പലം: പഴങ്ങനാട്ടിലെ താറാവു കർഷകരുടെ പക്ഷിപ്പനി ഭീതി അടങ്ങുന്നില്ല. നിലവിൽ ഇവിടെ രോഗബാധയില്ല. പക്ഷേ ഉണ്ടായാൽ ജില്ലയിലെ അവശേഷിക്കുന്ന താറാവുവളർത്തൽ മേഖലയായ പഴങ്ങനാട്ടും ഈ കൃഷി അന്യമാകും.

ഒരു പതിറ്റാണ്ട് മുമ്പ് വരെ ജില്ലയിലെ പ്രധാന താറാവു വളർത്തൽ കേന്ദ്രമായിരുന്നു ഇവിടം. നിരവധി പേർ ഈ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. കാലക്രമേണ നെൽകൃഷി അന്യമാവുകയും തോടുകളും, നീർച്ചാലുകളും ഇല്ലാതാവുകയും ചെയ്തതോടെ താറാവുകളെ പരിപാലിക്കുക ബുദ്ധിമുട്ടായി. ഭൂരിഭാഗവും താറാവിനെ ഉപേക്ഷിച്ച് മ​റ്റ് മേഖലകളിലേക്ക് തിരിഞ്ഞു.

അവശേഷിച്ചവിരിൽ പലരുടെയും താറാവുകൾ 2018ലെ പ്രളയത്തിൽ ചത്തൊടുങ്ങി. അതോടെ താറാവുവളത്തൽ നാമമാത്രമായി.

എണ്ണായിരത്തോളം താറാവുകൾ മാത്രമേ ഇപ്പോൾ താറാവുകൃഷിക്കാർ വളർത്തുന്നുള്ളൂ. ചെറുകിട കർഷകർ 50, 100 എണ്ണം വീതം വളർത്തുന്നത് വേറെയുമുണ്ട്.

നെൽകൃഷിയും താറാവു കൃഷിയും പരസ്പര പൂരകങ്ങളായിരുന്നു. താറാവിനെ ഇറക്കുന്ന പാടങ്ങളിൽ മെച്ചപ്പെട്ട വിളവും ലഭിക്കാറുണ്ട്. നെൽപ്പാടങ്ങൾ ജലസ്രോതസും ഇല്ലാതായതോടെ തീറ്റ കൊടുത്തേണ്ട സ്ഥിതിയായി.

നല്ലയിനത്തിൽപ്പെട്ട താറാവുകളിൽ നിന്നും വർഷം 300ൽ അധികം മുട്ട കിട്ടും. നാടൻ മുട്ടയ്ക്ക് 10 രൂപ വരെ ലഭിക്കും. ഇറച്ചിത്താറാവിന് 300 രൂപയ്ക്കു മുകളിലാണ് വില. ആവശ്യക്കാർക്ക് നൽകാൻ മുട്ടയും താറാവുമില്ലാത്ത അവസ്ഥയാണ്.

കോഴികളിൽ കണ്ടുവരുന്ന രോഗങ്ങൾ സാധാരണ താറാവുകളെ ബാധിക്കാറില്ല. കോഴിവളർത്തലിനു വേണ്ട ആധുനിക രീതിയിലുള്ള ഷെഡ്ഡുകളോ അനുബന്ധ സൗകര്യങ്ങളോ താറാവുകൾക്ക് ആവശ്യമില്ല.

മൃഗസംരക്ഷണ വകുപ്പിന്റെ സവിശേഷ ശ്രദ്ധ ഇവിടെ വേണമെന്നാണ് താറാവു കർഷകരുടെ ആവശ്യം.

ഇറച്ചിയ്ക്ക് ആവശ്യക്കാർ കുറവ്

പക്ഷിപ്പനി ഭീതി നിലനില്കുന്നതിനാൽ ഇറച്ചിയ്ക്ക് ആവശ്യക്കാർ കുറവാണ്. മുട്ടത്താറാവിനെയാണ് വളർത്തുന്നതലിധികവും. മുട്ടയിടുന്നത് നിർത്തുമ്പോഴാണ് വില്ക്കുന്നത്. ഒരു മാസം മുമ്പുണ്ടായിരുന്ന ചിലവ് മുട്ടയ്ക്കും ലഭിക്കുന്നില്ല. ഇതു വരെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പരിശോധനകൾ ഒന്നും തന്നെ നടത്തിയിട്ടില്ല.

ജോസ് ആന്റണി, താറാവു കർഷകൻ,

പഴങ്ങനാട്

രോഗ ബാധ നേരിടാൻ സജ്ജം

ഇതു വരെ പക്ഷിപ്പനി സംബന്ധിച്ച് ജി​ല്ലയി​ൽ ആശങ്കകളില്ല. പാടശേഖരങ്ങളിലിറക്കി തീറ്റയെടുപ്പിക്കാൻ ജില്ലയ്ക്ക് പുറത്തേയ്ക്ക് താറാവുകളെ കൊണ്ടുപോകരുത്. വളർത്തു താറാവുകളെ പ്രതിദിനം നിരീക്ഷിക്കാൻ കർഷകർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. രോഗ ബാധയുണ്ടായൽ നേരിടാൻ സർവ്വ സജ്ജമാണ് വെറ്ററിനറി വിഭാഗം.

ഡോ.വർഗീസ് മാത്യു, വെറ്ററിനറി സർജൻ,

കിഴക്കമ്പലം മൃഗാശുപത്രി