uc-college

ആലുവ: ആലുവ യു.സി. കോളേജിന് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചത് ശതാബ്ദി നിറവിലെത്തിയ കോളേജിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി. കോളേജിൽ ആധുനിക സൗകര്യങ്ങളോടെ ശതാബ്ദി സ്മാരക ലൈബ്രറി നിർമ്മിക്കുന്നതിനാണ് സർക്കാർ പണം അനുവദിച്ചത്. ജില്ലയിൽ നിന്നുള്ള രണ്ട് എം.പി മാരും ഏഴ് എം.എൽ.എമാരും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണിത്.

ആറര കോടിയോളം രൂപ ചെലവിൽ മൂന്ന് നിലകളിലായി 22,000 ചതുരശ്ര അടി വലിപ്പമുള്ള ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറി കെട്ടിടത്തിന്റെ രൂപ രേഖ സഹിതമാണ് ജനപ്രതിനിധികൾ സർക്കാരിന് സമർപ്പിച്ചത്. 90 വർഷം പിന്നിട്ട കെട്ടിടത്തിലാണ് നിലവിൽ കോളേജ് ലൈബ്രറി പ്രവർത്തിക്കുന്നത്. 1880 കളോളം പഴക്കമുള്ള ഗ്രന്ഥങ്ങളുടെ വലിയ ശേഖരം ലൈബ്രറിയിലുണ്ട്. എന്നാൽ അതിനാവശ്യമായ സൗകര്യമില്ല. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ പുരോഗതിക്കാവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കണമെന്നാണ് ലക്ഷ്യമിടുന്നതെന്നും നിവേദനത്തിൽ ചൂണ്ടികാട്ടിയിരുന്നു.

കൂടാതെ കോളേജിന് ഓട്ടോണമസ് പദവി ലഭിക്കുന്നതിന് യു.ജി.സിയോട് ശുപാർശ ചെയ്യുക, എയ്ഡഡ് സ്‌കീമിൽ പുതുതലമുറ കോഴ്‌സുകൾ അനുവദിക്കുക, തിരുവിതാംകൂർ മഹാരാജാവിന്റെ പഴയ കോടതി സമുച്ചയമായിരുന്ന 'കച്ചേരിമാളിക'യുടെ പുനരുദ്ധാരണത്തിന് ആർക്കിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിരുന്നു. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പുരോഗതിയിൽ യു.സി കോളേജ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. അതേസമയം, അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങൾ പണം സമ്പാദിക്കുന്നതിന് ഉപയോഗിക്കാത്ത അപൂർവ്വം കോളേജുകളിൽ ഒന്നാണ് യു.സിയെന്നും ജനപ്രതിനിധികൾ ചൂണ്ടികാട്ടി.

എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ അൻവർ സാദത്ത്, എസ്. ശർമ്മ, വി.ഡി. സതീശൻ, പി.ടി. തോമസ്, ടി.ജെ. വിനോദ്, റോജി എം. ജോൺ, വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് നിവേദനത്തിൽ ഒപ്പുവച്ചത്. യു.സി കോളേജ് ശതാബ്ദി ലൈബ്രറി പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ച സർക്കാരിനെ കോളേജ് പ്രിൻസിപ്പൽ ഡോ. റെയ്ച്ചൽ റീന ഫിലിപ്പ് നന്ദിയറിയിച്ചു.