ആലുവ: ആലുവയിൽ ഭൂഗർഭ പൈപ്പ് പൊട്ടൽ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നഗരത്തിൽ മാത്രം 12 തവണയാണ് പൈപ്പുകൾ തകർന്നത്. ഇതുവഴി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായെന്ന് മാത്രമല്ല, റോഡുകളും തകരുകയാണ്.
നഗരത്തിൽ സ്ഥിരമായി പൈപ്പുകൾ പൊട്ടുന്ന പമ്പ് കവല മുതൽ ബാങ്ക് കവല വരെയുള്ള ഭാഗത്തെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റുന്നതിന് 2016ൽ വാട്ടർ അതോറിട്ടി പ്രഖ്യാപിച്ച 545 ലക്ഷം രൂപയുടെ പദ്ധതി പണമില്ലാതെ അനിശ്ചിതമായി നീളുകയാണ്. പദ്ധതിക്കാവശ്യമായ പൈപ്പുകൾ ഒരു വർഷം മുമ്പ് എത്തിയെങ്കിലും ഇപ്പോഴും പാലസിന് സമീപം വള്ളിപ്പടർപ്പുകൾക്കിടയിൽ മൂടികിടക്കുകയാണ്. റോഡ് കുഴിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് അടക്കേണ്ട 245 ലക്ഷം രൂപയില്ലാത്തതാണ് മുഖ്യപ്രശ്‌നം. എസ്.എൻ.ഡി.പി സ്‌കൂൾ, സെന്റ് സേവ്യേഴ്‌സ് കോളേജ്, അദ്വൈതാശ്രമം, ലക്ഷ്മി നേഴ്‌സിംഗ് ഹോം ഭാഗങ്ങളിലാണ് നിരന്തരമായി പൈപ്പുകൾ പൊട്ടുന്നത്. ഒരിടത്ത് അറ്റകുറ്റപ്പണി നടത്തി കഴിയുമ്പോഴേക്കും അടുത്തത് പൊട്ടും. ഈ സാഹചര്യത്തിലാണ് 545 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്.
ഇന്നലെ പുലർച്ചെ ബാങ്ക് കവല ഗ്രാന്റ് ഹോട്ടലിന് മുമ്പിലാണ് പൈപ്പ് പൊട്ടിയത്. ഒരു മാസത്തിനിടയിൽ 8,9,10,11,21 വാർഡുകളിലായാണ് 12 തവണ പൈപ്പുകൾ തകർന്നത്. പെരിയാറിന്റെ തീരദേശ മേഖലയായിട്ടും ശുദ്ധജല വിതരണത്തിന്റെ കേന്ദ്രമായിട്ടും നഗരവാസികൾ പലപ്പോഴും കുടിവെള്ളം കിട്ടാതെ വലയുകയാണ്. നഗരത്തിലെ ഉയർന്ന പ്രദേശത്തേക്ക് വെള്ളമെത്തിക്കാൻ കൂടിയ മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുമ്പോൾ പൈപ്പുകൾ പൊട്ടുകയാണ്. ഏകദേശം 50 വർഷത്തോളം പഴക്കമുള്ള എ.സി പൈപ്പുകൾ മാറ്റി ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് പണമില്ലാതെ അനിശ്ചിതത്വത്തിലുള്ളത്.
വാട്ടർ അതോറിട്ടിയിൽ ബി.ജെ.പി ഉപരോധം
കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകൾ അടിയന്തരമായി മാറ്റി ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നഗരസഭ കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ വിവരങ്ങൾ ധരിപ്പിച്ച ശേഷം വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. കൗൺസിലർമാരായ ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. പ്രീത, എസ്. ഇന്ദിരാദേവി, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് സതീഷ് കുമാർ, ജനറൽ സെക്രട്ടറി ജോയ് വർഗീസ്, പത്മകുമാർ, വേണുഗോപാൽ, ഗോപാലകൃഷ്ണൻ എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു.