കളമശേരി: സീറോ ബാലൻസിൽ ദീർഘയാത്ര തുടരുകയാണ് നീലേശ്വരം സ്വദേശി അക്ഷയ് വേലായുധൻ. ഡിസംബർ 11ന് രാവിലെ പത്തരക്ക് നീലേശ്വരത്തു നിന്ന് തുടങ്ങിയ കാൽനട യാത്ര വെള്ളിയാഴ്ച ആലങ്ങാടെത്തി. ഇന്നലെ വിശ്രമം അരൂരിലായിരുന്നു. ഇന്നു രാവിലെ ആലപ്പുഴയിലേക്ക്, സമാപനം തിരുവനന്തപുരം മ്യൂസിയത്തിനു മുന്നിൽ. എത്തുമ്പോൾ എത്തും. നിശ്ചിത തീയതിയൊന്നുമില്ല. യാത്രയിൽ പണ്ടേ കമ്പക്കാരനാണ് 22കാരനായ അക്ഷയ്. ഗോവ, മൈസൂർ ബാംഗളൂരു , മംഗലാപുരം ,കന്യാകുമാരി എന്നിവിടങ്ങളിൽ ബൈക്കിൽ സഞ്ചരിച്ചിട്ടുണ്ട്. വീട്ടുകാരുടെ ചെലവിൽ കറങ്ങേണ്ടെന്ന തീരുമാനത്തിന്റെ പേരിലാണ് ഇപ്പോൾ സീറോ ബാലൻസിലെ കാൽനടയാത്ര. സഞ്ചാരത്തിന് പണം വേണ്ടെന്നതാണ് യാത്രാസന്ദേശം.
മൂന്നു ജോഡി വസ്ത്രം, ഒരു പുതപ്പ്, ടെന്റ് എന്നിവയാണ് മുതുകിലെ ബാഗിലെ സ്വത്ത്. ഭാരം ബുദ്ധിമുട്ടായപ്പോൾ ടെന്റ് ഉപേക്ഷിച്ചു. വാട്സ്അപ്, ഇൻസ്റ്റഗ്രാം വഴി സുഹൃത്തുക്കൾ പിന്തുടരുന്നുണ്ട്. പലയിടത്തും സഹായങ്ങളും ലഭിക്കുന്നു. ഭക്ഷണത്തിനും വിശ്രമത്തിനും ഇതുവരെ തടസങ്ങളില്ല. ദിവസം ശരാശരി 30-40 കിലോ മീറ്റർ നടക്കും. തൃശൂരിലെത്തിയപ്പോൾ സേവാഭാരതി ആഹാരവും കിടക്കാനിടവും കൊടുത്തു. വഴിക്ക് വച്ച് ചിലർ സ്നേഹപൂർവം തന്ന പണം സ്വീകരിച്ചു. പക്ഷേ ചെലവാക്കില്ലന്നാണ് ദൃഢനിശ്ചയം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിനുള്ളതാണ് ഇങ്ങിനെ കിട്ടുന്ന തുക. കിട്ടുന്ന ഭക്ഷണവും വെള്ളവും ഒരു പങ്ക് വഴിയരികിൽ കണ്ടുമുട്ടുന്ന സാധുക്കൾക്ക് വിതരണം ചെയ്യും.കോഴിക്കോട് ജില്ലാ കബഡി ടീമംഗമായിരുന്നു അക്ഷയ്. ഫുട്ബോളിൽ കോളേജ് ടീമിലും ഉണ്ടായിരുന്നു. കൂലി പണിക്കാരനായ വേലായുധന്റെയും റീനയുടെയും മകനായ അക്ഷയ് സിവിൽ എൻജിനീയറിംഗ് ഡിപ്ളോമക്കാരനാണ്. സഹോദരി അപർണ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി.
യാതൊരു ടെൻഷനുമില്ലാത്ത ഈ യാത്ര ആസ്വദിക്കുകയാണ്. രാജ്യം മുഴുവൻ സഞ്ചരിക്കണമെന്നാണ് ആഗ്രഹം.
അക്ഷയ്