പിറവം: നിയോജക മണ്ഡലത്തിന് ഇപ്രാവശ്യവും അവഗണന മാത്രമാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ. വാളിയപ്പാടം - വെട്ടിമൂട് - കൊച്ചു പള്ളിത്താഴം - പാമ്പാക്കുട റോഡിന് 5 കോടി രൂപയും കൂത്താട്ടുകുളം മീറ്റ് പ്രൊ‌‌ഡക്ട് ഓഫ് ഇന്ത്യക്ക്‌ 250 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയെങ്കിലും ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്കിന്റെ നിർമ്മാണം ബജറ്റ് പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 5 വർഷമായിട്ടും ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്കിന്റെ വികസനത്തിന് യാതൊരു തുടർ നടപടികളും സ്വീകരിച്ചിട്ടില്ല. ബജറ്റിൽ പിറവം നിയോജക മണ്ഡലത്തിന് മതിയായ പരിഗണന ലഭിച്ചില്ല. വരുന്ന ബജറ്റ് ചർച്ചാവേളയിൽ ഈ വിഷയം ഉന്നയിക്കുകയും അർഹമായത് നേടിയെടുക്കുകയും ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു.