കൊച്ചി : കൊച്ചിയുടെ കായൽ സൗന്ദര്യവും സമീപ ദ്വീപുകളിലെ മനോഹര കാഴ്ചകളും ഇനി കുറഞ്ഞ നിരക്കിൽ ബോട്ടിൽ യാത്ര ചെയ്ത് ആസ്വദിക്കാം. സഞ്ചാരികളെ ആകർഷിക്കാൻ ബോട്ടുകളുടെ നിരക്ക് കുറച്ചു. മാർച്ചിലെ ലോക് ഡൗൺ മുതൽ നിർത്തിവച്ച ബോട്ട് യാത്ര കഴിഞ്ഞ മാസം മുതൽ പുനനാരംഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. യാത്രക്കാരെ കൂടുതലായി ആകർഷിക്കുന്നതിനാണ് നിരക്കുകളെല്ലാം കുറച്ചിരിക്കുന്നത്. ബുക്കിംഗും ആവശ്യമില്ല. വലുതും ചെറുതുമായ ഒട്ടേറെ ബോട്ടുകൾ വീണ്ടും സർവീസിനായി ഒരുക്കിയിട്ടുണ്ട്.. ജലഗതാഗത വകുപ്പിന് പുറമേ 55 ഓളം സ്വകാര്യ ബോട്ട് സർവീസ് സംരംഭങ്ങളും ഇവിടുണ്ട്.. ഏകദേശം 300 ഓളം പേരുടെ ഉപജീവന മാർഗം കൂടിയാണിത്.മറൈൻഡ്രൈവിൽ നിന്നാണ് എല്ലാം ബോട്ടുകളും പുറപ്പെടുന്നത്.
ബോട്ടുകൾ
സഞ്ചാരികളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് വ്യത്യസ്തമായ ബോട്ടുകൾ മറൈൻ ഡ്രവിൽ ഉണ്ട്. ജലഗതാഗത വകുപ്പിന്റെ ഫെറികൾക്കാണ് അവയിൽ ഏറ്റവും ചെലവു കുറവ്. മറൈൻഡ്രവ്, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ ഫെറിയിൽ യാത്ര ചെയ്യാം. സന്ദർശകർക്ക് ഫൈബർഗ്ലാസ് ബോട്ട് വാടകയ്ക്ക് എടുക്കാം. കൊച്ചി ഹാർബർ, ഷിപ്പ്‌യാർഡ്, ചൈനീസ് ഫിഷിംഗ് നെറ്റ് എന്നിവയൊക്കെ ഈ ബോട്ടിൽ സന്ദർശിക്കാം.
സാഗരറാണിയിൽ
ജലഗതാഗതത്തിന് നിരവധി ബോട്ടുകൾ ഉണ്ടെങ്കിലും കടലിലേക്ക് പോകാൻ അനുമതിയുള്ള രണ്ടു ബോട്ടുകൾക്ക് മാത്രമാണ്. .എത്രതവണ കണ്ടാലും മതിവരാത്ത സുന്ദരകാഴ്ചകൾ കുറഞ്ഞ ചെലവിൽ കടലിന്റെ ഓളപരപ്പിലിരുന്നു ആസ്വദിക്കാം, അതും വെറും 200 രൂപ മുടക്കിയാൽ.കുട്ടികൾക്കാണെങ്കിൽ 100 രൂപ മതി. ലോക്ഡൗൺ കാലത്തിനുമുമ്പുണ്ടായിരുന്ന നിരക്കിന്റെ പകുതി തുക മാത്രമേ ഇപ്പോൾ കൊച്ചിയിൽ ബോട്ട് യാത്രക്ക് ഉള്ളു.. അതും വലിയ തിരക്കില്ലാതെ സുഖകരമായുള്ള യാത്ര. കായലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടു തുടങ്ങുന്ന യാത്ര അവസാനിക്കുന്നതു കടലിന്റെ കണ്ണെത്താദൂരത്തെ വിസ്മയവും സമ്മാനിച്ചുകൊണ്ടാണ്. മറെെൻഡ്രെെവിലെ ജെട്ടിയിൽ നിന്നുമാണ് സാഗരറാണിയുടെ യാത്ര ആരംഭിക്കുന്നത്.
കാണാൻ ഏറെ
യാത്രയിൽ പിന്നിടുന്നതു മഴവിൽ പാലം, കെട്ടുവള്ളം പാലം, ബോൾഗാട്ടി പാലസ്, രാമൻ തുരുത്ത്, കൊച്ചി തുറമുഖം, വില്ലിംഗ്ടൺ ദ്വീപ്, വൈപ്പിൻ ദ്വീപ്, ഫോർട്ട് കൊച്ചി കൂടി അറബിക്കടലിൽ അവസാനിക്കും. കാലത്തു എട്ടുമണിയ്ക്കു സഞ്ചാരികളെയും കൂട്ടി തുടങ്ങുന്ന യാത്ര രാത്രി പത്തുമണിയോടെ ജെട്ടിയിലെത്തി നിൽക്കും. ഒരേസമയം ഓരോ ഡെക്കിലും 50 മുതൽ 90 പേർക്കു വരെ സാഗരറാണിയിൽ യാത്ര ചെയ്യാം. നേരത്തെ എത്തിയാൽ ഇഷ്ടപ്പെട്ട സീറ്റ് തെരഞ്ഞെടുക്കുകയും ചെയ്യാം.
ഭക്ഷണസൗകര്യവും
പ്രഭാത ഭക്ഷണം മുതൽ ഡിന്നർ വരെ ബോട്ടിനുള്ളിൽ ലഭ്യമാണ്. വിവിധ പാക്കേജുകൾ അതിനായുണ്ട്. യഥേഷ്ടം അവ തിരഞ്ഞെടുക്കാം. അതുമാത്രമല്ല, കൊവിഡ് നിബന്ധനകൾ പാലിച്ച പാർട്ടികൾക്കും കോൺഫറൻസുകൾക്കും മീറ്റിംഗുകൾക്കും മുൻക്കൂട്ടി ബുക്കുചെയ്യുകയും ചെയ്യാം. 40 പേർക്കിരിക്കാവുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള എയർ കണ്ടീഷൻഡ് കോൺഫറൻസ് ഹാൾ ഈ ബോട്ടിലുണ്ട്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ കീഴിലുള്ളതാണ് സാഗരറാണി