nagarasabha
ശുചിത്വ നഗരം പദ്ധതിക്ക് മൂവാറ്റുപുഴയിൽ തുടക്കം കുറിച്ചുകൊണ്ടുള്ള നഗര നിരത്തിലെ കാട് വെട്ടി തെളിക്കൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി.എൽദോസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: നഗര സൗന്ദര്യവത്ക്കരണത്തിന്റെ മുന്നോടിയായുള്ള ശുചിത്വ നഗരം പദ്ധതിക്ക് മൂവാറ്റുപുഴയിൽ തുടക്കമായി.ശ്രീമൂലം യൂണിയൻ ക്ലബ്ബിന് സമീപത്തെ പൊതു നിരത്തിലെ കാട് വെട്ടി തെളിച്ച് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി.എൽദോസ് നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.അബ്ദുൾ സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, രാജശ്രീ രാജു കൗൺസിലർമാരായ ജിനു മടേയ്ക്കൽ, അമൽ ബാബു, മുനിസിപ്പൽ സെക്രട്ടറി എൻ.പി.കൃഷ്ണരാജ് എന്നിവർ പ്രസംഗിച്ചു. ജനുവരി 26നകം നഗസഭാ അതിർത്തിയിലെ മുഴുവൻ റോഡു വക്കുകളിലേയും കാടുകൾ വെട്ടി നീക്കി മാലിന്യം നീക്കം ചെയ്യുമെന്ന് ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു.
തൊടുപുഴ, ആരക്കുഴ, പിറവം, കൂത്താട്ടുകുളം, കോലഞ്ചേരി, പെരുമ്പാവൂർ, കോതമംഗലം റോഡുകളിലെ നഗര പ്രദേശത്തെ ഇരുവശങ്ങളുമാണ് ആദ്യം ശുചീകരിക്കുക. പുല്ലും കാടും വെട്ടി അവ ഡംബിംഗ് യാർഡിലേയ്ക്ക് മാറ്റും. രണ്ടാം ഘട്ടം എന്ന നിലയിൽ നഗര സഭയുടെ പൊതു സ്ഥലങ്ങൾ, ലോറി വാൻ, സ്വകാര്യ ബസ് സ്റ്റാൻഡുകൾ, ഉണക്കമത്സ്യപച്ചക്കറി മാർക്കറ്റുകൾ, വാക് വേ, ജനറൽ, ആയൂർവേദ, ഹോമിയോ ആശുപത്രകൾ, കുളിക്കടവുകൾ എന്നിവിടങ്ങളിൽ പ്രവർത്തനം നടത്തും. ഉണക്കമത്സ്യ മാർക്കറ്റിൽ വർഷങ്ങളായി കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യും. നഗരസൗന്ദര്യവത്ക്കരണത്തിന് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി സൂചന ബോർഡുകളും സ്വാഗത ബോർഡുകളും മാറ്റി പുതിയത് സ്ഥാപിക്കുമെന്നും ചെയർമാൻ പറഞ്ഞു.
നഗര മീഡിയനുകളിൽ പൂച്ചെടികൾ വച്ച് പിടിപ്പിക്കും. സർക്കിളുകളിൽ പുല്ല് വച്ച് പിടിപ്പിക്കും.