കിഴക്കമ്പലം: മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ശുദ്ധമായ വെളിച്ചെണ്ണയിൽ പാചകം ചെയ്ത വിവിധയിനം ചിപ്സുകളായ 'മാൽകോ ഫുഡ്‌സ്' വിപണിയിലിറക്കി. ഉത്പാദനവും വിപണനവും കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ടി. വിജയൻ അദ്ധ്യക്ഷനായി. കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് വില്പന നടത്തുന്ന 'കോ ഓപ് മാർട്ടി'ന്റെ ഉദ്ഘാടനം കേരള ബാങ്ക് ഭരണസമിതി അംഗം അഡ്വ. പുഷ്പാ ദാസ് നിർവഹിച്ചു. ചടങ്ങിൽ കേരള ബാങ്ക് ഭരണ സമിതി അംഗങ്ങളെ ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ.എസ്. അരുൺകുമാർ അനുമോദിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഏലിയാസ്, മുൻ ബാങ്ക് പ്രസിഡൻറ് കെ.കെ. ഏലിയാസ്,ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, ബാങ്ക് സെക്രട്ടറി ടി.എ. തങ്കപ്പൻ, ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. ജേക്കബ്, ജോളി മത്തായി എന്നിവർ സംസാരിച്ചു.