ആലുവ: എട്ട് വർഷത്തോളമായി മുടങ്ങി കിടക്കുന്ന തേവയ്ക്കൽ – വാഴക്കുളം ഗ്രാമീണ ഹൈവേക്ക് പുതുജീവൻ വയ്ക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ബെന്നി ബെഹനാൻ എം.പിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും 25ന് സ്ഥലം സന്ദർശിക്കും.
നേരത്തെ തീരുമാനിച്ചതനുസരിച്ച് റോഡിന് വീതി ലഭിക്കാത്തതിനെ തുടർന്നാണ് തേവയ്ക്കൽ, കുഞ്ചാട്ടുകര, വാഴക്കുളം ഗ്രാമീണ ഹൈവേ അനിശ്ചിതത്ത്വത്തിലായത്. 2013ൽ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി എടത്തല പഞ്ചായത്തിലെ അഞ്ച് റോഡുകൾ പി.എം.ജി.എസ്.വൈ സ്‌കീമിൽ നിർമ്മിക്കാൻ തീരുമാനിച്ചത്. ഇതിൽ രണ്ട് റോഡുകൾ നാല് വർഷം മുമ്പ് പൂർത്തീകരിച്ചു. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള തേവയ്ക്കൽ - വാഴക്കുളം റോഡ് എടത്തലയിലെ 5, 6, 7, 8, 9, 12, 13, 15 എന്നീ വാർഡുകളിലൂടെയാണ് കടന്ന് പോകുന്നത്.
വാഴക്കുളത്ത് നിന്നും കളക്ട്രേറ്റ്, മെഡിക്കൽ കോളേജ് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡാണിത്. പെരിയാർവാലി ഇടപ്പള്ളി ബ്രാഞ്ച് കനാൽ ഓരത്തുകൂടി മാത്രം കടന്ന് പോകുന്ന റോഡിന് പ്രത്യേകമായി സ്ഥലം കണ്ടെത്തേണ്ടതായിട്ടില്ല. എന്നാൽ എൻ.എ.ഡി ഡംബിങ്ങ് യൂണിറ്റ് പരിസരം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ വീതി കുറവുണ്ടായതാണ് നിർമ്മാണ ഏജൻസിയായ പി.ഐ.യു പിൻവാങ്ങാൻ കാരണം. പ്രശ്നപരിഹാരത്തിനായി പി.ഐ.യു അധികൃതർ പഞ്ചായത്തിന് കത്ത് നൽകിയതിനെ തുടർന്ന് ബെന്നി ബഹനാൻ എം.പി ഇടപ്പെട്ട് എൻ.എ.ഡിയുടെ സ്ഥലം ഏറ്റെടുക്കാൻ നടപടിയെടുത്തു. എന്നിട്ടും തുടർ നടപടിയുണ്ടായില്ല. വീണ്ടും വിഷയം ശ്രദ്ധയിൽപ്പെടുത്തിനെ തുടർന്നാണ് എം.പിയുടെ ഇടപെടൽ ഉണ്ടാകുന്നത്.