വൈപ്പിൻ: എളങ്കുന്നപ്പുഴ നട ബസ് സ്റ്റോപ്പിനടുത്തുള്ള ഗവ.എൽ.പി.സ്‌കൂളിന്റെ വടക്കേ മതിലിനോട് ചേർന്ന് മാലിന്യം കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നത് പൊതുജനങ്ങൾക്ക് ശല്യമായി മാറി. ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, ഗവ.കോളേജ്, എളങ്കുന്നപ്പുഴ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള റോഡരികിലാണ് മാലിന്യം കൂട്ടിയിടുന്നത്. പരിസരത്തുള്ള കച്ചവടക്കാർ പുറന്തള്ളുന്ന മാലിന്യമാണ് ഇങ്ങനെ കുന്ന് കൂടുന്നത്. ക്ഷേത്രത്തിലേക്കുള്ള അലങ്കാര ഗോപുരം നിർമ്മിക്കുന്നതും ഇതിന് സമീപമാണ്. ക്ഷേത്രത്തിലേക്കുള്ളവരും കോളേജ് സ്‌കൂൾ വിദ്യാർത്ഥികളും മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ചാണ് ഇതു വഴി പോകുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ കൂമ്പാരത്തിന് ഇടക്കിടെ ചിലർ തീ വയ്ക്കാറുമുണ്ട്. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ സമയത്ത് നടത്തുന്ന തീ വെക്കലിൽ തീ പടർന്നുള്ള അപകടത്തിനും സാദ്ധ്യതയുണ്ട്.
നടപടി സ്വീകരിക്കണം
ഈ ജംഗ്ഷനിലും സമീപത്തും സഞ്ചാര സ്വാതന്ത്രത്തിന് തടസമായി തെരുവോരങ്ങൾ കയ്യേറി കടകൾ റോഡിലേക്ക് ഇറക്കിവക്കുന്നുമുണ്ട്. പഞ്ചായത്ത് അധികൃതർ മാലിന്യം നീക്കം ചെയ്യുന്നതിനോ മാലിന്യം ഇവിടെ തള്ളുന്നതിനെതിരേയോ നടപടികൾ സ്വീകരിക്കുന്നില്ല. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പരിസരവാസിയും ജനപഥം ജനകീയ സമിതി പ്രസിഡന്റുമായ ടി.എം. സുകുമാരപിള്ള ആവശ്യപ്പെട്ടു.