കൊച്ചി: കൊവിഡ് വാക്സിൻ സ്വീകരിച്ചത് സുഖകരമായ അനുഭവമാണെന്ന് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യം വാക്സിൻ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. വാക്സിനേഷൻവഴി പ്രതിരോധം വർദ്ധിപ്പിക്കാമെന്നാണ് വൈദ്യശാസ്ത്രരംഗം വിലയിരുത്തുന്നത്. നിരുപദ്രവകരമായ കുത്തിവെപ്പാണിത്. യാതൊരു പ്രശ്‌നങ്ങളും തനിക്കുണ്ടായില്ല. പരിശീലനം ലഭിച്ച നഴ്‌സിംഗ് സ്റ്റാഫാണ് കുത്തിവച്ചത്. വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതുപോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ്. കുത്തിവയ്പ്പെടുക്കാൻ ആദ്യം ആരോഗ്യപ്രവർത്തകരെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂത്തമകന്റെ വിവാഹച്ചടങ്ങിനിടയിലാണ് അദ്ദേഹം വാക്‌സിൻ സ്വീകരിക്കാനെത്തിയത്. 11.20 ന് കുത്തിവയ്പ്പെടുത്ത അദ്ദേഹം അരമണിക്കൂർ വിശ്രമിച്ചശേഷം മടങ്ങി.