കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര സർക്കാർ അനുവദിച്ച പാക്കേജുകൾ നടപ്പിലാക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നതായി കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ പ്രഖ്യപിച്ച ഇളവുകൾ വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. എന്നാൽ കോടിക്കണക്കിന് രൂപ ബാദ്ധ്യതയിൽ നിൽക്കുന്ന കോൺട്രാക്ട് ക്യാരേജ് ഉടമകൾക്ക് കൂടുതൽ സഹായങ്ങൾ നൽകിയാലെ കരകയറാൻ സാധിക്കൂ. തിരിച്ചടവ് മുടങ്ങിയവർക്കെതിരെ ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ തീരുമാനവും കാറ്റിൽ പറത്തിയാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നത്. ഉപജീവനത്തിനായി വായ്പയെടുത്ത് വാങ്ങി സർവ്വീസ് നടത്തുന്ന പതിനായിരക്കണക്കിന് വാഹന ഉടമകളാണ് കൊവിഡ് മൂലം പ്രതിസന്ധിയിലായത്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ചൂഷണങ്ങൾ അവസാനിപ്പിക്കാനായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വിവിധ ജില്ലകളിലെ ലീഡ് ബാങ്കുകൾക്ക് മുന്നിൽ വാഹന ഉടമകൾ സമരം നടത്തുമെന്നും അവർ അറിയിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജെ എ റിയാസ്, എസ് പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു.