കൊച്ചി: മുൻ ബഡ്ജറ്റുകളിലെന്നത് പോലെ ചെപ്പടിവിദ്യകളുടെ ആഘോഷമാണ് തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിലുള്ളതെന്ന് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത്ത് ആരോപിച്ചു. കിഫ്ബിയുടെ മറവിലുള്ള പ്രഖ്യാപനങ്ങളുടെ തനിയാവർത്തനമാണ് ഈ ബഡ്ജറ്റിലും കാണാൻ സാധിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന മേഖലയെ സംബന്ധിച്ച ഒരു പ്രഖ്യാപനവും ബഡ്ജറ്റിൽ കാണാനില്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 2500 കോടിയുടെ നബാർഡ് വഴിയുള്ള കാർഷിക വികസനത്തിനുള്ള തുക ഭക്ഷ്യ സുരക്ഷ എന്ന പുതിയ പേരിൽ അവതരിപ്പിക്കുകയാണ്. കെ സിഫ്റ്റ് വഴി കെ.എസ്.ആർ.ടി.സി പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള ഗൂഡലക്ഷ്യമാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ ഉല്പാദനക്ഷമതയിൽ എക്കാലത്തെയും വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാദ്ധ്യതയിലേക്കാണ് സർക്കാർ സംസ്ഥാനത്തെ എത്തിച്ചിട്ടുള്ളത്. തടഞ്ഞുവെച്ച ക്ഷാമബത്തയും കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണവും ചികിത്സാ പദ്ധതിയും അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.