canal

കൊച്ചി : റ പോലെ വളച്ചു നിർമ്മിച്ച മുല്ലശേരി കനാലിനൊടുവിൽ ശാപമോക്ഷം വരുന്നു. ഹൈക്കോടതിയുടെ ഇടപെടലിലൂടെ 4.88 കോടി രൂപ അനുവദിച്ചു കിട്ടി. മുല്ലശേരി കനാലിന്റെ നവീകരണം ഫെബ്രുവരിയിൽ രണ്ടാം വാരത്തിൽ തുടങ്ങി അടുത്ത ഏപ്രിലിൽ പൂർത്തിയാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ചിന്റെ ഫലപ്രദമായ ഇടപെടലാണ് മുല്ലശേരി കനാലിന്റെ ജാതകം മാറ്റിയെഴുതാനിടയാക്കിയത്.

 മുല്ലശേരി കനാൽ

കൊച്ചി നഗരത്തെ കിഴക്കു - പടിഞ്ഞാറായി കീറി മുറിച്ചു കടന്നുപോകുന്ന മുല്ലശേരി കനാൽ ഒരുകാലത്ത് ചരക്കു തോണികൾ കടന്നു പോയിരുന്ന വഴിയാണ്. പിന്നീട് കനാൽ പകുതിയോളം നികത്തി റോഡാക്കി. പിന്നീട് കനാലിന്റെ വീതി രണ്ടു മീറ്ററിൽ നിന്ന് 3.5 മീറ്ററാക്കി വർദ്ധിപ്പിച്ചു. ഇതിനു മുകളിൽ സ്ളാബ് സ്ഥാപിച്ച് റോഡും നിർമ്മിച്ചു. എന്നാൽ മഴ പെയ്താൽ കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങുന്ന സ്ഥിതി വന്നതോടെ മുല്ലശേരി കനാൽ നവീകരിക്കാനുള്ള ശ്രമം തുടങ്ങി. മുല്ലശേരി കനാലിന്റെ നവീകരണത്തിന് നഗരസഭ ഇറങ്ങി പുറപ്പെട്ടിട്ട് ഇതു 17ാമത്തെ വർഷമാണ്. നീരൊഴുക്കില്ലെന്നു കണ്ടതോടെ 2000 - 2002 കാലയളവിൽ ഒരു സ്വകാര്യ കൺസൾട്ടൻസിയുടെ നിർദ്ദേശപ്രകാരം മുല്ലശേരി കനാലിന്റെ നടുഭാഗം ഉയർത്തി. മഴക്കാലത്ത് വെള്ളം കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി ഒഴുകിപ്പോകുന്ന തരത്തിലായിരുന്നു ഇൗ നവീകരണം. എന്നാൽ എങ്ങോട്ടും വെള്ളമൊഴുകാത്ത നിലയിലായി ഇതു പരിണമിച്ചു. മുല്ലശേരി കനാൽ മാത്രമല്ല, അറ്റ്ലാന്റിസ് - വടുതല വരെയുള്ള 12 ലിങ്ക് കനാലുകൾ, പുഞ്ചത്തോട്, കാരിത്തോട് എന്നിവയുടെ ശുചീകരണം കൂടി പൂർത്തിയാക്കിയില്ലെങ്കിൽ വെള്ളക്കെട്ട് തടയാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

 മുല്ലശേരി കനാൽ 'റീ ലോഡഡ്'

പൊതു വിഭാഗത്തിലെ വികസന - വിപുലീകരണ ഫണ്ടിൽ നിന്ന് 4.88 കോടി രൂപ നഗരസഭയ്ക്ക് അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇൗ തുക ഫെബ്രുവരി 15 നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്ന് ഫെബ്രുവരി രണ്ടാം വാരത്തിൽ നിർമ്മാണം തുടങ്ങണം. മുല്ലശേരി കനാൽ നവീകരണം 60 ദിവസം കൊണ്ടു പൂർത്തിയാക്കാനാവുമെന്നാണ് അധികൃതർ ഹൈക്കോടതിയിൽ പറഞ്ഞിട്ടുള്ളത്. ആ നിലയ്ക്ക് ഏപ്രിൽ അവസാനത്തോടെ മുല്ലശേരി കനാൽ നവീകരണം പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.