കൊച്ചി: കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. 12 കേന്ദ്രങ്ങളിലായി നടന്ന വാക്‌സിനേഷനിൽ 711 പേർ ആദ്യ ഡോസ് സ്വീകരിച്ചു. ആർക്കും തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ല. എണാകുളം ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച ഇന്ററാക്ടീവ് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിനേഷൻ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ആദ്യം വാക്‌സിൻ സ്വീകരിച്ചു. രാവിലെ 10.30ന് കൊവിഡ് വാക്‌സിനേഷൻ യജ്ഞത്തിന്റെ ദേശീയ തല ഉദ്ഘാടനത്തിനു ശേഷമാണ് വാക്‌സിനേഷൻ ആരംഭിച്ചത്. ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ബ്ലോക്കിലെ ഒന്നാം നിലയിലാണ് വാക്‌സിനേഷൻ മുറി ക്രമീകരിച്ചിരുന്നത്. രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമാണ് വാക്‌സിനേഷൻ മുറിയിൽ പ്രവേശിച്ചത്. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകൾ തോന്നിയാൽ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിരുന്നു. ജനറൽ ആശുപത്രിയിലെ 100 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ദിവസം വാക്‌സിൻ നൽകിയത്. മേയർ അഡ്വ. എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, ആർ.സി.എച്ച് ഓഫീസർ ഡോ. ശിവദാസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ, ഡി.എം.ഒ ഇൻ ചാർജ് ഡോ. ആർ. വിവേക് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ആദ്യ ഘട്ടം 63000 പേർ
ആദ്യ ഘട്ടത്തിൽ 63000 ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ കൊവിഡ് വാക്‌സിൻ നൽകുന്നത്. ഇവരെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തിയത്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ അറിയിപ്പ് നൽകി. ആരോഗ്യ പ്രവർത്തകരുടെ പൂർണ വിവരങ്ങൾക്കു പുറമേ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖാ നമ്പർ കൂടി ശേഖരിച്ചിരുന്നു. തുടർന്ന് മുഴുവൻ വിവരങ്ങളും എക്‌സൽ ഷീറ്റിൽ രേഖപ്പെടുത്തി. ഈ ഡേറ്റ ജില്ലയിലെ കോഓർഡിനേഷൻ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ സർവറിലേക്ക് അപ് ലോഡ് ചെയ്തു. ഈ ഡേറ്റാ ബാങ്കിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. രണ്ടാം ഘട്ടത്തിൽ ആശ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കാണ് മുൻഗണന. ഇതിനായുള്ള വിവരശേഖരണ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. പൊതുജനങ്ങൾക്കുള്ള രജിസ്റ്റർ നടപടികളായിട്ടില്ല.
12 കേന്ദ്രങ്ങളിൽ
വാക്‌സിൻ കുത്തിവച്ചു
ചെല്ലാനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രാവിലെ 11.30 ന് വാക്‌സിനേഷൻ ആരംഭിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഹാഷിം ആദ്യ വാക്‌സിനേഷൻ സ്വീകരിച്ചു . കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാൾ ഡോ. വി സതീഷ് , ആർ . എം . ഒ ഡോ . ഗണേഷ് മോഹൻ , നേഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ എന്നിവർ ആദ്യം വാക്‌സിനേഷൻ സ്വീകരിച്ചു. കടവന്ത്ര നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 85 പേർക്കാണ് വാക്‌സിനേഷൻ നൽകിയത്. ഒരു വാക്‌സിനേറ്റർ നാല് വാക്‌സിനേഷൻ ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി. കൊവിഡ് വാക്‌സിനേഷന്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് തുളസി ആദ്യ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചു. കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലൊന്നായ എറണാാകുളം ആസ്റ്റർ മെഡിസിറ്റിയിൽ 62 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു. പനിയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഫീവർ ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ. ലിന്റു സാം ആദ്യ വാക്‌സിൻ സ്വീകരിച്ചു. 100 പേർക്ക് കുത്തിവെപ്പ് എടുക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരുന്നത്. എന്നാൽ റിപ്പോർട്ട് ചെയ്ത 62 പേർക്കു മാത്രമാണ് വാക്‌സിൻ നൽകിയത്.