പെരുമ്പാവൂർ: കീഴില്ലം-കുറിച്ചിലക്കോട് റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള മുടക്കുഴ നാലുപാലത്തിന്റെ ശോചനീയാവസ്ഥക്കെതിരെ യുവമോർച്ച പ്രക്ഷോഭത്തിലേക്ക്. വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രം സഞ്ചരിച്ചിരുന്ന കാലത്ത് നിർമിച്ച വളരെ വീതികുറഞ്ഞ ഈ പാലത്തിലൂടെ ഇന്ന് ആയിരത്തോളം വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. കുറുപ്പംപടി മുതൽ കുറിച്ചിലക്കോട് വരെയുള്ള റോഡ് വീതികൂട്ടി ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് നടത്തിയിട്ട് വർഷങ്ങളായെങ്കിലും ഈ പ്രധാന പാലം ഇന്നും പഴയ അവസ്ഥയിലാണ്. ഇടതു വലതു മുന്നണികൾ മാറി മാറി എം.എൽ.എ, മന്ത്രി സ്ഥാനങ്ങളിൽ എത്തിയിട്ടും വർഷങ്ങളായുള്ള നാട്ടുകാരുടെ ഈ ആവശ്യത്തിന് ഇതുവരെ ചെവികൊടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാലുപാലത്തിന്റെ വികസനം ഫ്‌ലെക്‌സുകളിൽ മാത്രം ഒതുങ്ങുമ്പോഴാണ് ബി.ജെ.പിയും യുവജന സംഘടനയും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഇതിന്റെ ആദ്യഭാഗമായി യുവമോർച്ച മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. രാജേഷ്‌കുമാർ ഏക ദിനനിരാഹാരമിരുന്നു. സമരം വാർഡ് മെമ്പർ നിഷ സന്ദീപ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപനസമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ടി.പി.സിന്ധു മോൾ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. ആർ. രാകേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജി. അനിൽ, പി. ആർ. മോഹനൻ, സി.രതീഷ്, ബാലു. എസ്. നാരായണൻ, പ്രീത രാജൻ, സി. ആർ. സോമൻ, ശ്രീകല സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.