കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ ഒരു കോടി രൂപ ചിലവഴിച്ച് ഒളിമ്പ്യൻ ശ്രീജേഷിന്റെ പേരിൽ നിർമ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയ നിർമ്മാണത്തിൽ തട്ടിപ്പെന്ന് പരാതി. അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത്. സ്റ്റേഡിയത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പു പൈപ്പുകളും കമ്പികളും കുറ്റമറ്റ തരത്തിലല്ല കൂട്ടിയോജിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇവ തമ്മിൽ കൂട്ടിയോജിപ്പിക്കുമ്പോൾ ഏതാനും ഭാഗങ്ങളിൽ മാത്രമാണ് വെൽഡിംഗ് നടത്തുന്നത്. പൂർണമായും വെൽഡിംഗ് നടത്തിയാൽ മാത്രമാണ് ഇരുമ്പു സാമഗ്രികൾക്ക് കുറ്റമറ്റതരത്തിലുള്ള ബലവും വെള്ളം കയറി തുരുമ്പിക്കാതിരിക്കുകയും ചെയ്യുകയുള്ളു. എന്നാൽ ഏതാനും ഭാഗങ്ങളിൽ മാത്രം വെൽഡിംഗ് നടത്തി ബാക്കി വരുന്ന ഭാഗങ്ങളിൽ ചോക്ക് പൊടി നനച്ച് തേച്ചുപിടിപ്പിക്കുകയും അതിനു മുകളിൽ പെയിന്റിംഗ് നടത്തുകയുമാണെന്നാണ് ചെയ്തത്. ഒറ്റ നോട്ടത്തിൽ കുറ്റമറ്റതരത്തിലുള്ള നിർമ്മാണമെന്ന് തോന്നുമെങ്കിലും നാളുകൾക്കുള്ളിൽ ഈ ഭാഗങ്ങളിൽ പെട്ടെന്ന് തുരുമ്പ് പിടിക്കുകയും വൈകാതെ ബലക്ഷയംമൂലം ഇടിഞ്ഞുവീഴുകയും ചെയ്യുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്. ആവശ്യത്തിന് വെൽഡിംഗ് റാഡ് ഉപയോഗിക്കാതെയും നിർമ്മാണ ചിലവ് ചുരുക്കിയും കരാറുകാരൻ നടത്തുന്ന ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടും ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പള്ളിക്കര സ്‌പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തീകരിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനമില്ലെന്നും കരാറുകാരൻ പറഞ്ഞു