പെരുമ്പാവൂർ: കോടനാട് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഗുണ്ടാസംഘങ്ങൾ വിലസുന്നു. മാരകായുധങ്ങളുമായി പകൽ പോലും ഭീതി പടർത്തുന്നതായാണ് നാട്ടുകാർ പറയുന്നത്.30 ൽപരം പേരടങ്ങുന്ന രണ്ടു സംഘങ്ങൾ അടുത്തിടെ ഒന്നായതോടെയാണ് കോടനാട് പൊലീസിന് തലവേദനയായത്. കഴിഞ്ഞ മൂന്നാഴ്ച മുൻപാണ് യുവാവിന് നേരെ വടിവാൾ അക്രമണം നടന്നത്. കഴിഞ്ഞ 2 ന് അയ്മുറി സ്വദേശിയായ ജിന്റോയെ വടിവാളിന്റെ മാടു കൊണ്ട് അടിച്ചു വീഴ്ത്തി പരിക്കേൽപ്പിച്ച സംഭവവും, ജിന്റോയെ ആശുപത്രിയിൽ കാണാനെത്തി തിരിച്ചു പോയവരുടെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതും ജനങ്ങളെ ഭീതിയിലാഴ്ത്തി. ജിന്റോയുടെ ബൈക്ക് സംഘത്തിൽപ്പെട്ടവർ കത്തിച്ചു. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കോടനാട് പൊലീസ് കേസെടുത്ത് ഏഴുപേർക്കെതിരെ കേസ് രജിസ്ട്രർ ചെയ്തു. മണൽ മാഫിയ സംഘങ്ങളായി പ്രവർത്തിച്ചവരാണ് ഇപ്പോൾ കൊട്ടേഷൻ സംഘങ്ങളായത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്

മങ്കുഴി, നടുപ്പിള്ളിത്തോട് ഭാഗങ്ങളിലുള്ളവരാണ് സംഘത്തിലേറെയും. സമീപ പ്രദേശങ്ങളിലെ വനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തമ്പടിക്കുന്നത്. സമീപ പഞ്ചായത്തായ വേങ്ങൂർ പാണിയേലി, കൊമ്പനാട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളിൽ അഞ്ചോളം പേരെ പൊലീസിന്റെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജയിലിൽ അടക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. അമൽ എന്നയാളെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ജില്ലാ പൊലീസ് മേധാവി നാടുകടത്തി. അതേ സംഘത്തിൽപ്പെട്ട നാലു പേർ അകത്തായങ്കിലും ബാക്കിയുള്ളവർ കോടനാട് ഗുണ്ടാസംഘത്തോടൊപ്പം ചേർന്നതായും സൂചനയുണ്ട്.