fire

ആലുവ: ഇടിമിന്നലിനെ തുടർന്ന് എടയാർ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയിൽ നാല് കമ്പനികൾ കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല.

എടയാർ ഓറിയോൺ കെമിക്കൽസ്, ജനറൽ കെമിക്കൽസ്, ശ്രീകോവിൽ റബർ യൂണിറ്റ്, സി.ജി ലൂബ്രിക്കന്റ് സ്ഥാപനങ്ങളാണ് അഗ്നിക്കിരയായത്. ഇന്നലെ പുലർച്ചെ 12.30ഓടെയാണ് സംഭവം.

എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 25 ഓളം അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ച് പുലർച്ചെ നാലോടെയാണ് തീ പൂർണമായി അണച്ചത്. കമ്പനികളിലെ സെക്യൂരിറ്റി ജീവനക്കാർ തീ കണ്ട് ഓടിരക്ഷപ്പെട്ടു. മറ്റൊരു സ്ഥാപനത്തിലെ സെക്യൂരിറ്റി വിഭാഗം അറിയിച്ചതനുസരിച്ച് മുൻ പഞ്ചായത്തംഗം ടി.ജെ. ടൈറ്റസാണ് ഏലൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചത്.

റബർ, പെട്രോളിയം, സാനിറ്റട്ടൈസർ എന്നിവ ഉണ്ടായിരുന്ന കമ്പനികളായതിനാൽ വേഗത്തിൽ തീ ആളിപ്പടർന്നു. അജിത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓറിയോൺ കെമിക്കൽസിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ജോഷി പോളിന്റെ ജനറൽ കെമിക്കൽസിലേക്കും അശോകന്റെ ശ്രീകോവിൽ റബേഴ്സിലേക്കും ആന്റോയുടെ സി.ജി ലൂബ്രിക്കൻസിലേക്കും തീ പടർന്നു. ഓറിയോണിനും ജനറൽ കെമിക്കൽസിനുമാണ് കൂടുതൽ നാശം.

ശക്തമായ ഇടിമിന്നലിൽ വൈദ്യുതി കമ്പികൾ തമ്മിൽ ഉരസിയാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ചെറുതും വലുതുമായ നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളുമായി ബന്ധമില്ല. ലൈസൻസും തൊഴിൽ നികുതിയും വേണ്ട. കമ്പനികളുടെ സുരക്ഷ സംബന്ധിച്ചും മറ്റും പരിശോധനയ്ക്ക് പോലും പഞ്ചായത്തിന് അനുമതിയില്ലാത്ത സാഹചര്യമാണെന്ന് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.