കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് നീക്കേണ്ട അവസ്ഥയുണ്ടാകരുതെന്ന് എല്ലാവരും മനസിലാക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എം.ഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എം.ഡിയുടെ പ്രസ്താവനയോട് പ്രതികരിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ഗതാഗത വകുപ്പാണ്. കെ.എസ്.ആർ.ടി.സിയെ ഉദ്ധരിക്കുന്നതിന് എം.ഡി ആവശ്യപ്പെട്ട കാര്യങ്ങൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പുനഃസംഘടനയ്ക്ക് ആവശ്യമായ പണം നൽകാമെന്നും വാക്ക് നൽകിയിട്ടുണ്ട്. ധനമന്ത്രിയെന്ന നിലയിൽ ചെയ്യേണ്ടത് ചെയ്തു. ബാക്കി കെ.എസ്.ആർ.ടി.സിയും ഗതാഗതവകുപ്പുമാണ് നന്നായി ചെയ്യേണ്ടത്. കെ.എസ്.ആർ.ടി.സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരിശോധനകളുടെ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.