thomas-issac

കൊച്ചി: കേരളത്തിന്റെ സാമ്പത്തിക, സാമൂഹികമേഖലകളിൽ അടിസ്ഥാനപരമായ മാറ്റത്തിന് സമയവും സാഹചര്യവും ഒരുങ്ങിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വിജ്ഞാനാധിഷ്ഠിത മാറ്റങ്ങൾക്ക് കൊവിഡ് പ്രതിസന്ധി വേഗത വർദ്ധിപ്പിച്ചെന്ന് കൊച്ചി നഗരസഭ സംഘടിപ്പിച്ച 'കൊച്ചിക്കൊപ്പം ധനമന്ത്രി' പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ സാമൂഹികക്ഷേമ പദ്ധതികളിലൂടെ കേരളത്തിന് കഴിഞ്ഞു. വിദേശരാജ്യങ്ങൾ ഉൾപ്പെടെ അതിനെ അംഗീകരിച്ചു. നാടിന്റെ നിലനില്പിന് സാമ്പത്തിക അടിത്തറ പൊളിച്ചെഴുതുകയാണ് ഇനി വേണ്ടത്. ബഡ്‌ജറ്റ് ശ്രദ്ധവച്ചത് അതിലാണ്. ഭരണകാലം തീരുമ്പോഴാണോ ഇങ്ങനെ ചെയ്യുന്നതെന്ന് ചിലർ വിമർശിക്കുന്നുണ്ട്. ഉചിതമായ സാഹചര്യം ഇപ്പോഴാണുണ്ടായത്. കേരളത്തിന്റെ വ്യവസായവളർച്ച മെല്ലെയാണ്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളാണ് ഇനി സാദ്ധ്യത. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുങ്ങിയത് ഇപ്പോഴാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി, സുലഭമായി വൈദ്യുതി, ഗതാഗതസൗകര്യം എന്നിവയാണ് ആവശ്യം. അഞ്ചുവർഷം കൊണ്ട് ഇവയെല്ലാം ഉറപ്പാക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. അ‌ടുത്തഘട്ടത്തിലേക്ക് കടക്കാൻ കഴിയും. കൊവിഡ് കാലം പുതിയ അവസരങ്ങളും തുറന്നുതന്നു. വീട്ടിലോ സമീപത്തോയിരുന്ന് വിജ്ഞാനാധിഷ്ഠിത ജോലികൾ ചെയ്യാവുന്ന സാഹചര്യമുണ്ടായി. ഐ.ടി രംഗത്തിനാണ് കൂടുതൽ അവസരം. കിഫ്ബി പോലെ കാര്യക്ഷമവും വിശ്വസനീയവുമായ ഏജൻസികളും സാഹചര്യം ഒരുക്കി. വിജ്ഞാനാധിഷ്ഠിത രംഗങ്ങളിൽ കുതിച്ചുചാട്ടത്തിന് കേരളത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ അഡ്വ. എം. അനിൽകുമാർ, എം.എൽ.എമാരായ പി.ടി. തോമസ്, കെ.ജെ. മാക്സി തുടങ്ങിയവർ പങ്കെടുത്തു.