കൊച്ചി: സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിന് പ്രേരകശക്തിയായ കൊച്ചിയുടെ വികസനപദ്ധതികൾക്ക് പണം പ്രശ്നമാകില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പണ്ഡിറ്റ് കറുപ്പൻ റോഡിലെ എലിവേറ്റഡ് ഹൈവേ ഉൾപ്പെടെ കൊച്ചിയിലെ മുഴുവൻ പദ്ധതികൾക്കും പണം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നഗരസഭ സംഘടിപ്പിച്ച കൊച്ചിക്കൊപ്പം ധനമന്ത്രി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളും പൗരപ്രമുഖരും ആശയങ്ങൾ മന്ത്രിയുമായി പങ്കുവച്ചു.

പദ്ധതികൾക്ക് ബഡ്‌ജറ്റിൽ വിഹിതം നീക്കിവച്ചില്ലെന്ന പ്രചാരണത്തിൽ കഴമ്പില്ല. ബഡ്‌ജറ്റിലെ പദ്ധതികൾക്ക് പണം പിന്നാലെ വരും. ആശങ്ക വേണ്ട. പ്രഖ്യാപിച്ച പദ്ധതികൾ ഫെബ്രുവരിയിൽ നടപ്പാക്കിത്തുടങ്ങും. നടപ്പാക്കലിന് ടീമിനെ സൃഷ്ടിക്കും.

മെട്രോ നഗരത്തിൽ ഗതാഗതരംഗത്ത് മാറ്റം സൃഷ്‌ടിച്ചു. ജലമെട്രോ നടപ്പാക്കുന്നതോടെ ജലഗതാഗതത്തിലും മാറ്റങ്ങൾ സംഭവിക്കും. വൈറ്റില ഹബിന്റെ അടുത്ത ഘട്ടത്തിന്റെ നടപടികൾ വേഗത്തിലാക്കും. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നവീകരണത്തിനും പണം പ്രശ്നമാകില്ല.

വെള്ളക്കെട്ട്, മാലിന്യനിർമ്മാർജനം തുടങ്ങിയ പദ്ധതികൾ വിജയിക്കാൻ ജനപങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. വാണിജ്യ, വ്യാപാര മേഖലകൾ ആവശ്യപ്പെട്ട ഇളവുകളും സഹായങ്ങളും നൽകുന്നതും പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

മേയർ അഡ്വ.എം. അനിൽകുമാർ

വെള്ളക്കെട്ട് പരിഹരിക്കാൻ സമഗ്രപദ്ധതി ആവശ്യമാണ്. സാങ്കേതികകാര്യങ്ങളിൽ നെതർലാൻഡ്സിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ സൗജന്യസേവനം ലഭ്യമാക്കാൻ കഴിയണം. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാൻ തയ്യാറാണ്.

ടി.ജെ. വിനോദ് എം.എൽ.എ

വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയ്ക്ക് തനിച്ച് സാദ്ധ്യമല്ല. സർക്കാരിന്റെ സഹായം അനിവാര്യമാണ്. ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനും അടിയന്തര ഇടപെടൽ വേണം. തിരുവനന്തപുരത്തിന് നൽകുന്ന പ്രാധാന്യം കൊച്ചിക്കും നൽകണം.

പി.ടി. തോമസ് എം.എൽ.എ

കനാലുകൾ നവീകരിക്കണം. വേലിയേറ്റം മൂലം വെള്ളം കയറുന്നത് ഒഴിവാക്കാൻ പദ്ധതി തയ്യാറാക്കണം. തൃക്കാക്കരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അമ്പലമേട് ഫാക്ടിലെ ജലസംഭരണി ഉപയോഗിക്കണം. നിർമ്മാണങ്ങളിൽ ഹരിത പ്രോട്ടോക്കോൾ ഉറപ്പാക്കണം. പൊന്നുരുന്നി റെയിൽവെ ടെർമിനൽ പദ്ധതിക്ക് പ്രധാന്യം നൽകണം.

കെ.ജെ. മാക്സി എം.എൽ.എ

കൊച്ചിയുടെ ആവശ്യങ്ങൾ ബഡ്‌ജറ്റിൽ ഇടം പിടിച്ചു. കനാലുകളുടെ നവീകരണം ഉൾപ്പെടെ പദ്ധതികൾ പൂർത്തിയാക്കണം.

അൽക്കേഷ് കുമാർ ശർമ്മ

എം.ഡി, കൊച്ചി മെട്രോ

വിപുലമായ സാദ്ധ്യതകൾ കൊച്ചിക്കുണ്ട്. ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യണം. ആഗോളനഗരമായി മാറ്റാൻ കഴിയുന്ന പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്.

ഏലിയാസ് ജോർജ്

മുൻ എം.ഡി, കൊച്ചി മെട്രോ

ടൂറിസത്തിലുൾപ്പെടെ വലിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. ആഗോള സ്ഥാപനങ്ങൾക്ക് വഴിയൊരുക്കണം. ആഗോളതലത്തിൽ പ്രചാരണം നടത്തണം.

തോമസ് ഡൊമിനിക്

ഹോട്ടൽ സംരംഭകൻ

മെമു സർവീസ് കൊച്ചിയുമായി ബന്ധിപ്പിച്ച് ആരംഭിക്കണം. ട്രാവൽ, ടൂറിസം രംഗങ്ങളിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിൾ വേണം. സംരംഭകർക്ക് പ്രോത്സാഹനം നൽകണം.

ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി

പ്രിൻസിപ്പൽ, എസ്.എച്ച്. കോളേജ്

കണ്ടലുകളെയും കായലുകളെയും സംരക്ഷിക്കണം. സർക്കാർ കോളേജുകൾക്ക് നൽകുന്ന പിന്തുണ സ്വയംഭരണമുള്ള എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നൽകണം.

നവാസ് മീരാൻ

ഈസ്റ്റേൺ ഗ്രൂപ്പ്

വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കാൻ മികവിന്റെ കേന്ദ്രം സ്ഥാപിക്കണം. പദ്ധതി നടത്തിപ്പിൽ സാമൂഹ്യപ്രതിബദ്ധതയുള്ള ഉൗരാളുങ്കൽ സൊസൈറ്റി പോലുള്ള കരാറുകാരെ ചുമലതപ്പെടുത്തണം.

ഹരികുമാർ

കൊച്ചിൻ ചേംബർ പ്രസിഡന്റ്

വെള്ളക്കെട്ട് പരിഹരിക്കാൻ ഓരോ ഡിവിഷനിലും നൂറു ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന പദ്ധതികൾ തയ്യാറാക്കണം. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കണം.

ജോസ് പ്രദീപ്

കേരള ട്രാവൽ മാർട്ട്

കൊവിഡിൽ തകർന്ന ഹോട്ടൽ മേഖലയ്ക്ക് ആനുകൂല്യങ്ങൾ നൽകണം. ബാങ്കുകൾ വായ്പ നൽകാത്ത സ്ഥിതിയാണുള്ളത്.

ദീപക് അസ്വാനി

ഫിക്കി

രാത്രികാല ടൂറിസം കൊച്ചിയിൽ നടപ്പാക്കണം. നോളജ് സിറ്റി കൊച്ചിയിൽ സ്ഥാപിക്കണം.

പി. രംഗനാഥപ്രഭു‌

എഡ്രാക് പ്രസിഡന്റ്

സീപോർട്ട് എയർപോർട്ട് റോഡ് പൂർത്തിയാക്കണം. വൈറ്റില ഹബ് രണ്ട്, മൂന്ന് ഘട്ടങ്ങൾ നടപ്പാക്കണം. ജലവിനിയോഗത്തിന് പദ്ധതി വേണം.

ജോളി വർഗീസ്

ബിൽഡേഴ്സ് അസോസിയേഷൻ

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാകുന്നത് ഉറപ്പാക്കണം. നിർമ്മാണ സാമഗ്രികളുടെ വില കുറയ്ക്കണം.

ആർ. ഗോപകുമാർ

ആർക്കിടെക്ട്

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റ് നിർമ്മിക്കണം. ചെറിയ കനാലുകൾ നന്നാക്കണം. ഇടപ്പള്ളി തോടിലൂടെ ഉൾപ്പെടെ ബോട്ട് സർവീസിന് സൗകര്യം ഒരുക്കണം.

വിനോദിനി

സംരംഭക

വനിതകൾക്ക് തൊഴിലവസരം നൽകുന്ന നോളജ് ഹബ് സ്ഥാപിക്കണം. പൊതു തൊഴിലിടങ്ങൾ വേണം. കുട്ടികൾ, മുതിർന്നവർ എന്നിവരെ പരിചരിക്കുന്ന കേന്ദ്രങ്ങൾ ആരംഭിക്കണം.