പൂത്തോട്ട: കായലിൽ പൊളപ്പായൽ അടിഞ്ഞതോടെ ബോട്ട് സർവീസുകൾ ദുഷ്കരമായി. പൂത്തോട്ട, പെരുമ്പളം ,പാണാവള്ളി എന്നീ പ്രദേശങ്ങളിലെ ബന്ധിപ്പിച്ചുള്ള ബോട്ട് സർവീസുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. നിരവധി യാത്രക്കാരും ഇതോടെ ബുദ്ധിമുട്ടിലായി. പായൽ നീക്കി യാത്ര സൗകര്യം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പായൽ കായൽ വ്യാപിച്ചുകിടക്കുകയാണ്. ഇതിനിടെയിലൂടെ വേണം ബോട്ട് സ‌ർവീസ് നടത്താൻ. ചില സമയങ്ങളിൽ പ്രോപ്പല്ലറുകളിൽ പായൽ ചുറ്റിപ്പിടിക്കും. തീരത്തോട് ചേർന്നാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെങ്കിൽ ഉടൻ തന്നെ അറ്റകുറ്റപ്പണി നടത്തി വീണ്ടു സർവീസ് ആരംഭിക്കും.പലപ്പോഴും കായലിന്റെ മദ്ധ്യഭാഗത്ത് വച്ചാണ് ബോട്ടുകളൾ സമാനമായി കേടാകുന്നത്. ഈ സമയം കരയിൽ നിന്നും സഹായം തേടേണ്ടിവരും. നാട്ടുകാരെത്തും വരെ ബോട്ട് ഒഴുകി നടക്കും. അത്രയും സമയം ജീവൻ കൈയിൽപ്പിടിച്ച് യാത്രക്കാരിക്കണം. രണ്ട് വർഷം മുമ്പ് പായൽ നീക്കം ചെയ്യാൻ യന്ത്രം എത്തിച്ചിരുന്നു. നിലവിൽ ഇത് തണ്ണീ‌ർമുക്കം ഭാഗത്ത് മാത്രമാണ് ഉപയോഗിക്കുന്നത്. പരാതിപ്പെട്ടെങ്കിലും യന്ത്രം എത്തിക്കാൻ ആരും തയ്യാറായില്ല. നവംബർ മാസത്തിലെ മഴയോടെയാണ് പോള വ്യാപകമാകുന്നത്. എന്നാൽ ജനുവരിയോടെ കായലിൽ ഉപ്പുവെള്ളമാകുന്നതോടെ ഇവ നശിക്കുകയാണ് പതിവ്. എന്നാൽ അടിക്കടി മഴ പെയ്യുന്നതിനാൽ ഇതുണ്ടായിട്ടില്ല.പോളകൾക്കിടയിൽ തഴച്ചുവളരുന്ന പുൽ കെട്ടുകളാണ് അപകടകാരികൾ.