കൊച്ചി: ഒരു രൂപയ്ക്ക് ലഭിക്കുന്ന സുവിധ സാനിറ്ററി നാപ്കിനുകൾ സംസ്ഥാനത്ത് കിട്ടാനില്ല. കേന്ദ്രസർക്കാരിന്റെ ജൻഔഷധി കേന്ദ്രങ്ങളിൽ സുവിധ നാപ്കിനുകൾ ലഭ്യമല്ലാതായിട്ട് ഒരു മാസത്തിലേറെയായി. എത്തിയാലുടൻ സ്‌റ്റോക്ക് കാലിയാവുകയാണ് പതിവ്.
നാല് നാപ്കിനുകളുള്ള ഒരു സുവിധ പായ്ക്കറ്റിന് നാലുരൂപയാണ് വില. ഇത്തരം 250 പാക്കറ്റുകളുള്ള ഒരു പെട്ടിയാണ് കടകളിലേക്ക് എത്തുക. കൊറിയർ ചാർജ് തന്നെ പെട്ടിയുടെ വിലയുടെ പകുതിയോളം വരും.
അതിനാൽ കുറഞ്ഞതോതിലാണ് ചെന്നൈയിലെ വെയർഹൗസിൽ നിന്ന് വരുന്നത്.
സംസ്ഥാനത്തെ ജൻഒൗഷധിയുടെ ഏകഡിസ്ട്രിബ്യൂട്ടർ എറണാകുളത്താണ്. ആദ്യഘട്ടത്തിൽ നാപ്കിനുകൾ കെട്ടിക്കിടന്നെങ്കിലും ഇപ്പോൾ നല്ല ഡിമാൻഡാണ്. വന്നാലുടൻ തീരും. പാവപ്പെട്ട വനിതകളെ ആരോഗ്യ ശുചിത്വത്തിലേക്ക് നയിക്കാനായി കൊണ്ടുവന്ന സുവിധ, കേരളത്തിൽ പക്ഷേ കൈക്കലാക്കുന്നതിൽ ഭൂരിഭാഗവും സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരാണ്. സാധാരണക്കാർക്ക് ഇങ്ങിനെ ഒരു സംഗതിയെക്കുറിച്ച് തന്നെ കാര്യമായി അറിവില്ല. നഗരങ്ങളിലെ ഫ്‌ളാറ്റു നിവാസികളാണ് നിലവിൽ സുവിധയുടെ പ്രധാന ആവശ്യക്കാർ.
വിലകുറവാണെങ്കിലും പൊതുവിപണിയിലുള്ള നാപ്കിനുകളേക്കാൾ മേന്മയുള്ളതാണ് സുവിധ. പ്രകൃതി സൗഹൃദവുമാണ്. രണ്ട്, മൂന്ന് മാസംകൊണ്ട് മണ്ണിൽ ലയിച്ചുചേരും. പ്ളാസ്റ്റിക്ക് സാന്നിദ്ധ്യം ഏറിയ മറ്റുകമ്പനികളുടെ നാപ്കിനുകൾ അഞ്ച് മുതൽ എട്ട് വർഷം വരെ സമയമെടുത്താണ് മണ്ണാകുന്നത്.
സുവിധ സാനിറ്ററി നാപ്കിനുകൾ
സ്ത്രീകളുടെ ആർത്തവകാല സുരക്ഷയ്ക്ക് പ്രാധാന്യം നൽകി 2018ൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചു. പൊതുവിപണിയിൽ ആറു രൂപ വിലയുള്ള നാപ്കിനുകളാണ് കേന്ദ്രസർക്കാർ ഒരു രൂപ നിരക്കിൽ നൽകുന്നത്. മൂന്നു അളവുകളിൽ ലഭിക്കും. നാലെണ്ണമുള്ള പായ്ക്കറ്റിന് 15, 12, നാലു രൂപ വീതമാണ് വില. തുടക്കത്തിൽ 2.50 രൂപയായിരുന്ന നാപ്കിനുകൾ പിന്നീട് ഒരു രൂപയാക്കി കുറച്ചു. രാജ്യത്തെ 5500 ജൻ ഔഷധി കേന്ദ്രങ്ങളിലൂടെയാണ് വില്പന.
സംസ്ഥാന സർക്കാർ ഇടപെടണം
സുവിധ സാനിറ്ററി നാപ്കിനുകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം. നാപ്കിനുകൾ ആവശ്യപ്പെട്ട് എത്തുന്നവരുടെ പേരുകളും നമ്പറും വാങ്ങിവച്ച ശേഷം സ്റ്റോക്കെത്തുമ്പോൾ വിളിച്ച് അറിയിക്കുകയാണ് പതിവ്.
സനിൽ സി
ജൻഔഷധി ഉടമ