കൊച്ചി : കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ മാർച്ചും ലോട്ടറി ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുന്നതിന് ആൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി ) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര ലോട്ടറി നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകുക, ലോട്ടറിയുടെ മുഖവില കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഫെബ്രുവരി രണ്ടാംവാരം മാർച്ചും ധർണയും നടത്തുക.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഇന്ദുശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. ബാലൻ, വർക്കിംഗ് പ്രസിഡന്റ് പി.എം. ജമാൽ, വൈസ് പ്രസിഡന്റുമാരായ ഷാജി ഇടപ്പള്ളി, ടി.എസ്. ബാബു, സിജോ പ്ലാത്തോട്ടം, സെക്രട്ടറിമാരായ ബാബു കടമക്കുടി, സനൽ വട്ടിയൂർക്കാവ്, എ. അലിയാരുകുഞ്ഞ് , ഷിബു പോൾ, ട്രഷറർ അബ്ദുൽ കലാം എന്നിവർ പങ്കെടുത്തു.