കോലഞ്ചേരി: ട്വന്റി20 കുടിക്കാഴ്ച, കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ബ്ലോക്ക് നേതൃയോഗത്തിൽ രൂക്ഷ വിമർശനം. പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെ ട്വന്റി20 നേതൃത്വവുമായി കൂടിക്കാഴ്ചക്കെത്തിയ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് പ്രാദേശിക നേതാക്കൾ രൂക്ഷ വിമർശനവുമായെത്തിയത്. പട്ടിമറ്റം, പുത്തൻകുരിശ് ബ്ലോക്കുകളുടെ സംയുക്ത യോഗമാണ് പ്രതിഷേധ വേദിയായത്. ട്വന്റി20 നേതാവിനെ വീട്ടിൽ ചെന്ന് കണ്ട നേതാക്കളുടെ നടപടി പ്രാദേശിക പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ആരോപണം. ഇതേ തുടർന്ന് പ്രാദേശിക വികാരം നേതൃത്വത്തെ അറിയിക്കാൻ യോഗത്തിൽ നിരീക്ഷകനായെത്തിയ മുതിർന്ന നേതാവ് പി.പി.സുലൈമാൻ റാവുത്തറെ ചുമതലപ്പെടുത്തിയാണ് പ്രതിഷേധം തണുപ്പിച്ചത്. വാഴക്കുളം ബ്ലോക്കിൽ ട്വന്റി20 പിന്തുണയോടെ നേടിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യം ജില്ലാ കോൺഗ്രസ് കമ്മിറ്റി വഴി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. തീരുമാനം അംഗീകരിക്കാത്ത പക്ഷം ജനപ്രതിനിധികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നടന്ന യോഗത്തിൽ എം.എൽ.എയ്ക്ക് പുറമേ മണ്ഡലത്തിൽ നിന്നുള്ള ജില്ലാ ഭാരവാഹികളും ബ്ലോക്ക് മണ്ഡലം ഭാരവാഹികളുമാണ് പങ്കെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിഴുപ്പലക്കൽ കുന്നത്തുനാട് കോൺഗ്രസിൽ പരസ്യപ്പോരിലേക്ക് കടക്കുകയാണ്. ഞായറാഴ്ച വൈകിട്ട് നടന്ന പുത്തൻകുരിശ് മണ്ഡലം നേതൃയോഗത്തിൽ നേതാക്കളുടെ ഏറ്റുമുട്ടലിലും അസഭ്യവർഷത്തിലും കലാശിച്ചു. ബ്ലോക്ക് നേതാക്കളായ മനോജ് കാരക്കാട്ട്, കുഞ്ഞൂഞ്ഞ് ചെറിയാൻ എന്നിവരാണ് ഏറ്റുമുട്ടിയത്. ഒടുവിൽ മറ്റ് നേതാക്കളിടപെട്ടാണ് പിന്തിരിപ്പിച്ചത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ബ്ളോക്ക് നേതാക്കൾ തയ്യാറായിട്ടില്ല.