വൈപ്പിൻ : സംസ്ഥാനത്തെ തലയെടുപ്പുകളുള്ള അനേകം ആനകളെ അണി നിരത്തി ആരവങ്ങളോടെ കൊണ്ടാടാറുള്ള ചെറായിപ്പൂരം ഇത്തവണയില്ല. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പേരിന് രണ്ടാനകൾ മാത്രമായിരിക്കും പൂരദിവസമായ 29 ന് ഉണ്ടാകുക. ഗൗരീശ്വര ക്ഷേത്രത്തിൽ രണ്ട് തിടമ്പുകൾ കയറ്റി എഴുന്നള്ളിക്കാറുള്ളതിനാലാണ് ജില്ലാ ഭരണകൂടം രണ്ടാനകളെ അനുവദിച്ചത്.
33 ആനകളെ വരെ എഴുന്നള്ളിച്ചിരുന്ന ചെറായിപ്പൂരം ആന പരിപാലന നിയമം കർശനമാക്കിയതിനെ തുടർന്ന് രണ്ട് വർഷമായി 15 ആനകളെ മാത്രമാണ് എഴുന്നള്ളിക്കുന്നത്. പൂരദിവസം രാത്രി നടക്കാറുള്ള പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ടും ഇപ്പോഴില്ല. ആനകളെ രണ്ടെണ്ണമായി പരിമിതപ്പെടുത്തിയതിനാലും ഇത്തവണ വടക്ക്, തെക്ക് ചേരുവാര കമ്മിറ്റികൾ രംഗത്തില്ലാത്തതിനാലും മഹോത്സവ ദിവസം രാവിലെ നടക്കാറുള്ള ആനകളുടെ തലപ്പൊക്ക മത്സരവും ഉണ്ടാകില്ല. പ്രസാദ ഊട്ട്, കാവടി ഘോഷയാത്രകൾ, കലാപരിപാടികൾ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് കൊടിയേറ്റ്. രാത്രി 7.30 നും 8 നും ഇടയിൽ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റും. തുടർന്ന് 30 ന് രാവിലെ വരെയുള്ള ദിവസങ്ങളിൽ പതിവുള്ള ക്ഷേത്ര ചടങ്ങുകൾ എല്ലാമുണ്ടാകും. 30 ന് പുലർച്ചെ 3.30 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.