fire

ആലുവ: എടയാർ വ്യവസായ മേഖലയിലെ നാല് കമ്പനികളിലായി ഞായറാഴ്ച്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ 1.62 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. കമ്പനി അധികൃതരുമായി സംസാരിച്ചാണ് നഷ്ടത്തിന്റെ ഏകദേശ കണക്ക് അഗ്നിശമന സേനാവിഭാഗം തയ്യാറാക്കിയത്. ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച്ച പുലർച്ചെയുമായുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്നാണ് എടയാർ ഓറിയോൺ കെമിക്കൽസ്, ജനറൽ കെമിക്കൽസ്, ശ്രീകോവിൽ റബ്ബർ യൂണിറ്റ്, സി.ജി ലൂബ്രിക്കന്റ് എന്നീ സ്ഥാപനങ്ങൾ അഗ്‌നിക്കിരയായത്. എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 25 ഓളം അഗ്‌നിശമന യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ പൂർണമായി അണച്ചത്. രാത്രിയായതിനാൽ കമ്പനികളിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായെങ്കിലും തീ കത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടു.

പെയിന്റ്, റബർ, പെട്രോളിയം, സാനിറ്ററൈസർ എന്നിവ ഉണ്ടായിരുന്ന കമ്പനികളായതിനാൽ വേഗത്തിൽ തീ ആളിപടരുകയായിരുന്നു. അജിത്ത് എന്നയാളുടെ ഓറിയോൺ കെമിക്കൽസിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ജോഷി പോളിന്റെ ജനറൽ കെമിക്കത്സിലേക്ക് തീ പടർന്നു. തുടർന്ന് അശോകന്റെ ശ്രീകോവിൽ റബ്ബേഴിസിലേക്കും ആന്റോയുടെ സി.ജി ലൂബ്രിക്കൻസിലേക്കും തീ പടരുകയായിരുന്നു. ഓറിയോണിനും ജനറൽ കെമിക്കത്സിനുമാണ് കൂടുതൽ നാശമുണ്ടായത്. തീ കത്തുന്നതിനിടെ പൊട്ടിത്തെറിയും തീ ഗോളങ്ങൾ മുകളിലേക്ക് ഉയർന്നതും ആശങ്ക പരത്തി. അതിനാൽ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടില്ല. ശക്തമായ ഇടിമിന്നലിൽ വൈദ്യുതി കമ്പികൾ തമ്മിൽ ഉരസിയാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.

കമ്പനികളിൽ മതിയായ സുരക്ഷയില്ലെന്നും ആക്ഷേപം

വ്യവസായ വകുപ്പിന് കീഴിൽ ചെറുതും വലുതുമായ നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങളാണ് എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് ആക്ഷേപമുണ്ട്. വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളുമായി ബന്ധമില്ല. ലൈസൻസും തൊഴിൽ നികുതിയും വേണ്ട. ഇതിനെതിരായ നിയമനടപടികൾ നടക്കുന്നുണ്ട്.

നേരത്തെ പഞ്ചായത്തുകൾക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇതിനെതിരായ അപ്പീൽ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കമ്പനികളുടെ സുരക്ഷ സംബന്ധിച്ചും മറ്റും പരിശോധനക്ക് പോലും പഞ്ചായത്തിന് അനുമതിയില്ലാത്ത സാഹചര്യമാണെന്ന് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. വൻ അഗ്‌നിബാധയുണ്ടായ സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ടി.ജെ. ടൈറ്റസ് ആവശ്യപ്പെട്ടു.