whatsapp

കൊച്ചി: സ്വകാര്യ, വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കുന്നെന്ന ആരോപണം നേരിടുന്ന വാട്‌സ്ആപ്പ് ഉൾപ്പെടെ സാമൂഹ്യമാദ്ധ്യമങ്ങളെ വിമർശിക്കുന്നതിന് പകരം ഉപഭോക്താക്കൾ ഓരോരുത്തരും ആദ്യം സ്വയം കർശനമായ നിയന്ത്രണങ്ങൾ പാലിക്കുകയാണ് വേണ്ടതെന്ന് വിദഗ്ദ്ധർ. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച 'വാട്‌സ് അപ്പ് അറ്റ് വാട്‌സ്ആപ്പ് ' എന്ന വിഷയത്തിലെ ചർച്ചയിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്.

സൈബർലാൻഡ് ലിങ്ക് നെറ്റ് ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും കെ.എം.എ പ്രസിഡന്റുമായ ആർ. മാധവ്ചന്ദ്രൻ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും കെ.എം.എ വൈസ് പ്രസിഡന്റുമായ എ. ബാലകൃഷ്ണൻ, സൈബർ നിയമവിദഗ്ദ്ധൻ അഡ്വ. ഡോ. പ്രദീപ്, ടി.സി.എസ്. സൈബർ വിദഗ്ദ്ധൻ അരുൺ നാരായൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിസിനസ് മെന്ററും കെ.എം.എ. മുൻ പ്രസിഡന്റുമായ എസ്.ആർ. നായർ മോഡറേറ്ററായിരുന്നു.

നേരിട്ടല്ലാതെയും സ്വാധീനിക്കും : എസ് ആർ നായർ

നേരിട്ടല്ലാതെ പോലും സാമൂഹ്യമാദ്ധ്യമങ്ങൾക്ക് ജനങ്ങളെ സ്വാധീനിക്കുമെന്ന് കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയുടെ പഠനം പുറത്തുവന്നിട്ടുണ്ട്. ലോകജനസംഖ്യയെക്കാൾ സന്ദേശങ്ങളാണ് ദിവസവും പ്രചരിക്കുന്നത്.

ഏകാധിപത്യം : എ.ബാലകൃഷ്ണൻ

വാട്‌സ്ആപ്പിനേയും ഇൻസ്റ്റാഗ്രാമിനേയും ഫേസ്ബുക്ക് സ്വന്തമാക്കിയതോടെ ഏകാധിപത്യ അവസ്ഥ സൃഷ്ടിക്കപ്പെട്ടു. കമ്പനികളെ ഒന്നിച്ചുചേർക്കില്ലെന്നു പറഞ്ഞതെങ്കിലും ഒരുമിപ്പിച്ചുചേർത്തു. തുടരാൻ ആഗ്രഹമുണ്ടെങ്കിൽ നിർദ്ദേശങ്ങൾ സ്വീകരിക്കണം. അല്ലാത്തവർക്ക് പുറത്തുപോകാമെന്നാണ് വാട്‌സ്ആപ്പ് പറഞ്ഞത്. ഒപ്പം നിന്നാൽ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുമെന്നും അറിയിച്ചു. വിവരങ്ങൾ കൈമാറാനുള്ള ഇടമെന്നാണ് വാട്‌സ്ആപ്പിനേയും ഫേസ്ബുക്കിനേയും ജനങ്ങൾ കണക്കാക്കുന്നതെങ്കിലും അതിനപ്പുറത്താണ് കാര്യങ്ങൾ.

സുരക്ഷ ഉറപ്പില്ല : ആർ. മാധവ്ചന്ദ്രൻ

ബിസിനസ് ഡാറ്റകൾ മാത്രമാണ് കൈമാറുന്നതെന്ന് വാട്‌സ്ആപ്പ് പറയുന്നുണ്ടെങ്കിലും വ്യക്തിഗതവിവരങ്ങൾ സുരക്ഷിതമാണെന്ന് കരുതാനാവില്ല. ഹോട്ട്‌മെയിലിനെ 1997ൽ മൈക്രോസോഫ്റ്റ് ഏറ്റെടുത്തപ്പോൾ കാരണങ്ങളെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചും ജനങ്ങൾ ചിന്തിച്ചിരുന്നില്ല. അവർക്ക് വലിയ ലക്ഷ്യങ്ങളാണ് മുന്നിലുണ്ടായിരുന്നതെന്ന് പിന്നീട് തെളിഞ്ഞു. ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നതിനോടൊപ്പം അത് ഏതൊക്കെ കൈകളിലേക്കാണ് എത്തുന്നതെന്നതും എന്തിനാണ് ഉപയോഗിക്കുന്നതെന്നതും പ്രധാനമാണ്. ലൈസൻസില്ലാതെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ വിവരച്ചോർച്ചക്ക് വഴി തുറന്നിടും. സ്വയരക്ഷ തന്നെയാണ് ഡാറ്റ ദുരുപയോഗം തടയുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.

ലാഘവം പാടില്ല : അരുൺ നാരായൺ

ചില രാജ്യങ്ങൾ ജനങ്ങളെ നിയന്ത്രിക്കുന്നതുപോലും സാങ്കേതികസൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്. ഡാറ്റയുടേയും സാങ്കേതികതയുടേയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത് കോർപ്പറേറ്റുകൾ മാത്രമല്ല. കരാറുകളിൽ ശ്രദ്ധിക്കുന്ന നമ്മൾ സാങ്കേതികസൗകര്യങ്ങളുടെ കരാറുകളെ ഗൗരവമില്ലാതെയാണ് സമീപിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ പോലും വ്യക്തിഗതവിവരങ്ങൾ കൈമാറ്റം ചെയ്യാനുള്ള കരാറുകളെ ലാഘവത്തോടെ കാണരുത്.

നിയമം അനിവാര്യം: അഡ്വ. ഡോ. പ്രദീപ്

യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ കർശനമായ സൈബർ നിയമങ്ങളില്ലാത്തതാണ് ഇന്ത്യയുടെ കോട്ടം. ശക്തമായ ഉപഭോക്തൃ നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. സ്വകാര്യത ദുരുപയോഗം ചെയ്തെന്ന് തിരിച്ചറിഞ്ഞാൽ നഷ്ടപരിഹാരം ലഭിക്കാൻ നിയമപരമായ അവകാശമുണ്ടെങ്കിലും ഫലപ്രദമാണെന്ന് പറയാനാവില്ല.